ഞങ്ങളെ പീഡിപ്പിച്ചോളൂ, വരാനിരിക്കുന്ന ദിവസങ്ങളില്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കാവുന്ന രീതിയിലാവണം അത്. എന്തെന്നാല്‍ ഇപ്പോഴത്തെ പീഡനങ്ങള്‍ക്ക് പലിശ സഹിതം തിരിച്ചടിയുണ്ടാവുമെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഓഗസ്റ്റ് 5ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ മറികടന്ന് അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനം ആഘോഷിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ത്രിണമൂല്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്. പശ്ചിമ ബംഗാളിലെ ബിജെപി നേതാവായ ദിലിപ് ഘോഷാണ് മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. മമത സര്‍ക്കാരിന്‍റെ നടപടിക്ക് പലിശ സഹിതം തിരിച്ചടിയുണ്ടാവുമെന്നാണ് ദിലിപ് ഘോഷ് പറഞ്ഞത്. 

ഞങ്ങളെ പീഡിപ്പിച്ചോളൂ, വരാനിരിക്കുന്ന ദിവസങ്ങളില്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കാവുന്ന രീതിയിലാവണം അത്. എന്തെന്നാല്‍ ഇപ്പോഴത്തെ പീഡനങ്ങള്‍ക്ക് പലിശ സഹിതം തിരിച്ചടിയുണ്ടാവുമെന്ന് രാജര്‍ഘട്ടില്‍ ബിജെപി പ്രവര്‍ത്തകരുമായുള്ള ചായ് പേ ചര്‍ച്ചയില്‍ പറഞ്ഞു. ഇപ്പോള്‍ നടന്നതൊന്നും മറന്ന് പോകില്ല. ചുവന്ന ഡയറിയില്‍ ഇവ കുറിച്ചിടുന്നുണ്ട്. മേദിനിപൂറിലെ എംപി കൂടിയായ ദിലിപ് ഘോഷ് പറഞ്ഞു. 

ഭീകരത വിതച്ചാണ് മമത സര്‍ക്കാരിന്‍റെ ഭരണം. അവരുടെ തെറ്റുകള്‍ക്കെതിരെ സംസാരിക്കുന്ന ഞങ്ങളെയാണ് ജയിലില്‍ അടയ്ക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ക്ഷമിക്കാനാവില്ല. ശക്തമായി തിരിച്ചടിക്കുമെന്നും ദിലിപ് ഘോഷ് പറയുന്നു. ഓഗസ്റ്റ് 5 ന് മേദിനിപൂരിലെ ഖരഗ്പൂറില്‍ ലോക്ക്ഡൌണ്‍ ലംഘിച്ചതിനും പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്ത നിരവധി ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.