Asianet News MalayalamAsianet News Malayalam

ചിദംബരത്തെ ചോദ്യം ചെയ്യുന്നു, വൈകിട്ട് കോടതിയിൽ, കാർത്തിയുടെ ജാമ്യം റദ്ദാക്കുമോ?

കാർത്തി ചിദംബരത്തിന്‍റെ ജാമ്യം റദ്ദാക്കാൻ സിബിഐ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ചിദംബരവും ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചേക്കും. ചോദ്യം ചെയ്യലുമായി നിലവിൽ ചിദംബരം സഹകരിക്കുന്നില്ലെന്നാണ് വിവരം. 

will question chidambaram again in inx media corruption case will produce in court today
Author
New Delhi, First Published Aug 22, 2019, 9:59 AM IST

ദില്ലി: ഏറെ നാടകീയതകൾക്കൊടുവിൽ ഇന്നലെ രാത്രിയോടെ അറസ്റ്റിലായ മുൻ ധനമന്ത്രി പി ചിദംബരത്തെ ഇന്ന് വൈകിട്ടോടെ മാത്രമേ കോടതിയിൽ ഹാജരാക്കൂ. അതുവരെ ചിദംബരത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് സിബിഐയുടെ തീരുമാനം. എന്നാൽ ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. സിബിഐ ആസ്ഥാനത്തെ മൂന്നാം നമ്പർ ലോക്കപ്പിലാണ് ചിദംബരം ഇപ്പോഴുള്ളത്.

ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലാണ് കഴിയുന്നത്. കാർത്തിയുടെ ജാമ്യം റദ്ദാക്കാനായി സിബിഐ കോടതിയെ സമീപിക്കുമെന്ന സൂചനകളും വരുന്നുണ്ട്. കാർത്തി ചെന്നൈയിൽ നിന്ന് രാവിലെയോടെ ദില്ലിയിലെത്തിയിട്ടുണ്ട്. അതേസമയം, പി ചിദംബരവും ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും. നാളെയാണ് ചിദംബരത്തിന്‍റെ ജാമ്യഹർജി സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ന് തന്നെ ജാമ്യഹർജിയുമായി എത്താനാകുമോ എന്ന് കോൺഗ്രസ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്. 

അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. ആദ്യം സിബിഐ കോൺഗ്രസ് ആസ്ഥാനത്തേക്ക് പുറപ്പെട്ടു, പിന്നീട് ചിദംബരത്തിന്‍റെ വീട്ടിലെത്തി. ഗേറ്റുകൾ രണ്ടും പൂട്ടിയ നിലയിലായിരുന്നു. സിബിഐ സംഘവും പിന്നീടെത്തിയ എൻഫോഴ്‍സ്മെന്‍റ് സംഘവും മതിൽ ചാടിക്കടന്നു. 

ചിദംബരത്തിന്‍റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ വന്‍ സംരക്ഷണ വലയമാണ് പൊലീസ് തീർത്തത്. ചിദംബരത്തിനെതിരെ 'കള്ളൻ, കള്ളൻ' എന്ന മുദ്രാവാക്യം വിളിയായിരുന്നു ഒരിടത്ത്. യൂത്ത് കോൺഗ്രസ്‌ സംഘത്തിന്‍റെ പ്രതിഷേധം മറുവശത്ത്. വീടിന് പുറത്ത് നേരിയ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.

ദില്ലി ജോയിന്‍റ് കമ്മീഷണർ അനന്ത് മോഹന്‍റെ നേതൃത്വത്തിലുള്ള അമ്പതിലേറെ പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം പുറത്തേക്ക് കടന്നത്. ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിന് മുന്നിലേക്ക് ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിന് മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിന് സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു. 

ഇതിനിടെ, ചിദംബരത്തെ അറസ്റ്റുചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മകന്‍ കാര്‍ത്തി ചിദംബരം രംഗത്തെത്തി. കശ്മീരിനെച്ചൊല്ലിയും ആർട്ടിക്കിൾ 370-യെച്ചൊല്ലിയുമുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇപ്പോഴീ അറസ്റ്റെന്ന് കാർത്തി ആരോപിച്ചു. തന്‍റെ അച്ഛനെതിരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും ഒരു അടിസ്ഥാനവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും കാർത്തി. എന്താണിതിന് പിന്നിലെന്ന് ചോദിച്ച മാധ്യമങ്ങളോട് കാർത്തി അൽപം ക്ഷുഭിതനായി. ആരാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് കാര്‍ത്തി ചോദിച്ചു. 'അമേരിക്കന്‍ പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന്  കരുതുന്നുണ്ടോ? ഒരിക്കലുമല്ല. എല്ലാം ചെയ്യുന്നത് ബിജെപിയാണ്' - കാര്‍ത്തി ചെന്നൈയില്‍ പ്രതികരിച്ചു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.

Read Moreപി ചിദംബരത്തിന് പിന്നാലെ കാര്‍ത്തിക്കും തിരിച്ചടി, സ്റ്റേ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. 

രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല. തുടർന്ന് അയോധ്യ കേസിന്‍റെ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ ഹർജി പരാമർശിക്കാൻ കപിൽ സിബൽ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികൾ പൂർത്തിയാക്കി എഴുന്നേറ്റു.

എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി?

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ.

വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്.

Read More: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിന്‍റെ നാൾവഴി ഇവിടെ വായിക്കാം

ചിദംബരത്തിനെതിരെ 'വൻ'രേഖകളെന്ന് ഹൈക്കോടതി

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി ''നിരവധി'' രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

''ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസിൽ, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങൾ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാൻ. അന്വേഷണ ഏജൻസികളെ ഇത്തരം കേസിൽ കെട്ടിയിടാനാകില്ല'', കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികൾ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാർത്തിയെ സിബിഐ കസ്റ്റഡിയിൽ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റും ഇതേ കേസിൽ കാർത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്. 

Read More: അന്ന് ചിദംബരം ആഭ്യന്തര മന്ത്രി, ഷാ അറസ്റ്റിൽ; ഇന്ന് ഷാ ആഭ്യന്തരമന്ത്രി, ചിദംബരം അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios