ദില്ലി: കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യം സമ്മാനിച്ച പുരസ്കാരങ്ങൾ തിരികെ നൽകുമെന്നറിയിച്ച് കായിക താരങ്ങൾ. പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് അറിയിച്ച് ഗുസ്തി താരം കർത്താർ സിങ്ങും, ബാസക്കറ്റ് ബോൾ താരം സർജ്ജൻ സിംഗും, ഹോക്കി താരം രജ്ഭീർ കൗറും അടക്കമുള്ളവർ രംഗത്തെത്തി. 

ഗുസ്തി താരവും പത്മശ്രീ , അർജുന അവാർഡ് ജേതാവുമാണ് കർത്താർ സിങ്ങ്. ബാസ്ക്കറ്റ് ബോൾ താരവും അർജുന അവാർഡ് ജേതാവുമാണ് സജ്ജൻ സിങ്ങ്, അർജ്ജുന അവാർഡ് ജേതാവും ഹോക്കി താരവുമാണ് രജ്ഭീർ കൗർ. സമരത്തിനോടുള്ള സർക്കാരിന്റെ സമീപനത്തൽ കായിക താരങ്ങൾ അതൃപ്തി അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുന്നത് താരങ്ങൾ അപലപിച്ചു.

വിവാദ കാര്‍ഷിക നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുകയാണ്. ദില്ലി അതിര്‍ത്തികൾ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ  പരാജയപ്പെട്ടിരുന്നു.

കാർഷിക നിയമത്തെ കുറിച്ച് പരിശോധിക്കാൻ ഒരു സമിതിയെ വെക്കാമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കർഷകർ സംഘടനകൾ തള്ളുകയായിരുന്നു.  പ്രശ്നപരിഹാരത്തിനായി മറ്റന്നാൾ വീണ്ടും ചർച്ച നടക്കുന്നുണ്ട്. 

വിവാദ നിയമം പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. നിയമം പിൻവലിക്കുക എളുപ്പമല്ല എന്ന് കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും വ്യക്തമാക്കി. ദില്ലിയുടെ മൂന്ന് അതിർത്തികളിലും സ്തംഭനാവസ്ഥ തുടരുകയാണ്.