വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിനെ കുറിച്ചായിരുന്നു അമിത് ഷായുമായുള്ള ചര്‍ച്ചയെന്ന് അമരീന്ദര്‍ സിംഗ് പറയുമ്പോഴും പഞ്ചാബില്‍ വേരുറപ്പിക്കാനുള്ള സഹകരണവും തേടിയെന്നാണ് വിവരം. 

അമൃത്സർ: പഞ്ചാബ് പിസിസി (Punjab PCC Chief) അധ്യക്ഷസ്ഥാനം രാജിവച്ച നവ്ജ്യോത് സിദ്ദു (Navjot Singh Sidhu) അനുനയ സൂചനകളുമായി രംഗത്ത്. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും താൻ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം തുടരുമെന്ന് സിദ്ദു ട്വിറ്ററിൽ കുറിച്ചു. പ്രതിലോമശക്തികൾ തോൽപിക്കാൻ ശ്രമിച്ചാലും പഞ്ചാബിൻ്റെ നേട്ടത്തിനായി നിലകൊള്ളുമെന്നും സിദ്ദു വ്യക്തമാക്കി. അതേ സമയം പിസിസി അധ്യക്ഷ സ്ഥാനത്തുള്ള രാജി സിദ്ദു ഇനിയും പിന്‍വലിച്ചിട്ടില്ല. ഡിജിപി - എജി പദവികളിലെ തീരുമാനത്തിന് സിദ്ദു കാക്കുകയാണെന്നാണ് വിവരം. 

അതിനിടെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച അമരീന്ദ‍ർ സിം​ഗ് പുതിയ പാ‍ർട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന. പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍സിംഗ്. ഒരു പാര്‍ട്ടിയുമായും അയിത്തമില്ലെന്ന് അമരീന്ദര്‍സിംഗ് വ്യക്തമാക്കി

വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിനെ കുറിച്ചായിരുന്നു അമിത് ഷായുമായുള്ള ചര്‍ച്ചയെന്ന് അമരീന്ദര്‍ സിംഗ് പറയുമ്പോഴും പഞ്ചാബില്‍ വേരുറപ്പിക്കാനുള്ള സഹകരണവും തേടിയെന്നാണ് വിവരം. പുതിയ പാര‍്‍ട്ടിയുണ്ടാക്കിയ ശേഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ബിജെപി സഖ്യത്തില്‍ നേരിടാനാണ് ക്യാപ്റ്റന്‍റെ പദ്ധതിയെന്നാണ് സൂചന. ബിജെപി സഖ്യം തേടുമ്പോഴും ശിരോമണി അകാലിദളിലെയും ആംആദ്മി പാര്‍ട്ടിയിലെയും അസംതൃപ്തരെയും അമരീനദര്‍ സിംഗ് നോട്ടമിടുന്നുണ്ട്. പഞ്ചാബ് വികാസ് പാര്ട്ടിയെന്നാകും അമരീന്ദര്‍സിംഗിന്‍റെ പാര്‍ട്ടിയുടെ പേരെന്നറിയുന്നു. പാര്‍ട്ടിയുടെ ഭരണഘടന ചര്‍ച്ചകളിലാണ് അമരീന്ദര്‍സിംഗെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയത്.

പഞ്ചാബ് പ്രശ്നം പരിഹരിക്കുന്നതില്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്തിന് വീഴ്ച പറ്റിയെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഏറ്റവുമടുവില്‍ അമരീന്ദര്‍സിംഗിനെ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കം ഇരുവരും തമ്മിലുള്ള വാക്പോരിലാണ് അവസാനിച്ചത്. ഈ സഹാചര്യത്തിൽ ഹരീഷ് റാവത്തിന് പകരം ഹരീഷ് ചൗധരിയെ പഞ്ചാബിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാനുള്ള ആലോചനകളിലാണ് ഹൈക്കമാൻഡ്. പഞ്ചാബില്‍ അമരീന്ദര്‍സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന വേളയില്‍ ഹരീഷ് ചൗധരിയെ നിരീക്ഷകനായി നിയോഗിച്ചിരുന്നു.