ഹൈദരാബാദ്: ആശുപത്രിയിലെത്തിക്കാന്‍ റോഡ് സൗകര്യമോ ആംബുലന്‍സോ ഇല്ലാത്തതിനെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ഗര്‍ഭിണിയായ ആദിവാസിയുവതിയെ ഡോളിയില്‍ ചുമന്ന് ബന്ധുക്കള്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. 

21കാരിയായ വെങ്കട കുമാരിയെയാണ് ആശുപത്രിയിലേക്ക് ഡോളിയില്‍ ചുമന്ന് കൊണ്ടുപോയത്. ആന്ധ്രായുടെയും ഒഡീഷയുടെയും അതിര്‍ത്തി പ്രദേശത്തുള്ള  ചൗദേപല്ലേ ആദിവാസി വിഭാഗത്തില്‍പ്പെട്ടതാണ് കുമാരി. 

ഉള്‍പ്രദേശങ്ങളില്‍ മതിയായ സൗകര്യമില്ലെന്ന് ഏറെ നാളുകളായി ഇവര്‍ പറയുന്നുണ്ട്. അവശ്യ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നല്ലൊരു റോഡുപോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ റോഡ് നല്‍കാത്തതോടെ പണം പിരിച്ച് റോഡുനിര്‍മ്മിക്കാന്‍ വിശാഖപട്ടണത്തെ രണ്ട് പഞ്ചായത്തുകള്‍ ശ്രമം ആരംഭിച്ചത് വലിയ വാര്‍ത്തയായിരുന്നു.