ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും എംജിപി 

ഗോവ: ഗോവയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ഞങ്ങള്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും ഗവര്‍ണര്‍ മൃദുല സിംഹയ്ക്ക് ഇക്കാര്യം വ്യക്തമാക്കി, ഉടന്‍ കത്തു നല്‍കുമെന്നും എംജിപി വര്‍ക്കിങ് പ്രസിഡന്‍റ് ദീപക് ധവാലികര്‍ വ്യക്തമാക്കി. 

നേരത്തെ, എംജിപി കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് ലോക്സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുമായുള്ള മുന്നണി ബന്ധം വിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 2007 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായിരുന്ന എംജിപി 2012 ലാണ് ബിജെപിക്കൊപ്പമെത്തിയത്. ഗോവ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തോടെ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു. 

എംജിപിയുടെ മുതിര്‍ന്ന നേതാവ് സുധിന്‍ ധാവാലിക്കറായിരുന്നു ഗോവയില്‍ ഉപമുഖ്യമന്ത്രി. എന്നാല്‍ പിന്നീട് സുധിനെ പുറത്താക്കുകയും രണ്ട് എംജിപി എംല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുകയുമായിരുന്നു. 40 അംഗ ഗോവന്‍ നിയമസഭയില്‍ നിലവില്‍ 36 അംഗങ്ങളാണ് ഉള്ളത്.

ബിജെപിക്ക് 14 അംഗങ്ങളും 3 ഗോവന്‍ ഫോര്‍വേഡ് ബ്ലോക്ക് അംഗങ്ങളും 3 സ്വതന്ത്ര എംഎല്‍എമാരുടേയും പിന്തുണയുണ്ട്. കോണ്‍ഗ്രസനും 14 സീറ്റുകളാണ് ഉള്ളത്. നിലവില്‍ ഒരോ അംഗങ്ങളുളള എന്‍സിപി എംജിപി പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.