Asianet News MalayalamAsianet News Malayalam

മലിനീകരണം കുറക്കാന്‍ കര്‍ശന നടപടിയുമായി ദില്ലി; പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവര്‍ക്ക് എടുക്കാനുള്ള അവസരം നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഒക്ടോബര്‍ 3 മുതല്‍ ലഭ്യമാകും.

without pollution certificate no petrol no diesel in delhi from october 25
Author
First Published Oct 2, 2022, 5:59 AM IST

വാഹനത്തില്‍ ഇന്ധനം നിറയ്ക്കണമെങ്കില്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ദില്ലി. ഒക്ടോബര്‍ 25 മുതലാണ് തീരുമാനം നടപ്പിലാവുക. പമ്പുകളില്‍ നിന്ന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും നല്‍കില്ലെന്നാണ് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി ശനിയാഴ്ച വിശദമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് സെപ്തംബര്‍ 29ന് നടന്ന യോഗത്തില്‍ പരിസ്ഥിതി, ഗതാഗത, ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ദില്ലിയില്‍ മലിനീകരണം കുറയ്ക്കുന്നതില്‍ വലിയൊരു പങ്കിനുള്ള ഉത്തരവാദിത്തം വാഹനങ്ങളെന്നാണ് വിലയിരുത്തല്‍. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവര്‍ക്ക് എടുക്കാനുള്ള അവസരം നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഒക്ടോബര്‍ 3 മുതല്‍ ലഭ്യമാകും. പൊടി നിയന്ത്രണത്തിന് വേണ്ടിയുള്ള ബോധവല്‍ക്കരണം ഒക്ടോബര്‍ 6 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാഹന സംബന്ധിയായ രേഖകളില്‍ മിക്കവരും അപ്രധാനമായി കണക്കാക്കുന്ന ഒന്നാണ് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്. പുതിയ വാഹനങ്ങള്‍ക്ക് പോലും പുറത്തിറങ്ങി ഒരു വര്‍ഷത്തിനകം ഈ സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിക്കെ പിഴയൊടുക്കി രക്ഷപ്പെടാമെന്ന നിലപാടാണ് മിക്കവരും സ്വീകരിക്കുന്നത്. ഇതിന് തടയിടാന്‍ കൂടിയാണ് ദില്ലി സര്‍ക്കാര്‍ കര്‍ശന നിലപാടിലേക്ക് തിരിഞ്ഞിരിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ നിന്ന് ഉത്തരവ് ലംഘിച്ച് ഇന്ധനം നല്‍കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യക പരിശോധനകളും നടത്താനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios