ജനസേനാ പാർട്ടി എംഎൽഎ ആരവ ശ്രീധർ ലൈംഗികമായി പീഡിപ്പിച്ചെന്നും നി‍ർബന്ധിച്ച് ഗ‍ർഭഛിദ്രം നടത്തിയെന്നും ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥയാണ് പരാതിയുമായി രംഗത്തെത്തിയത്.

ബെംഗളൂരു: ആന്ധ്രാപ്രദേശിൽ എംഎൽഎക്കെതിരെ ഗുരുതര ലൈംഗികാരോപണ പരാതിയുമായി യുവതി രംഗത്ത്. ജനസേനാ പാർട്ടി എംഎൽഎ ആരവ ശ്രീധർ ലൈംഗികമായി പീഡിപ്പിച്ചെന്നും നി‍ർബന്ധിച്ച് ഗ‍ർഭഛിദ്രം നടത്തിയെന്നും ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥയാണ് പരാതിയുമായി രംഗത്തെത്തിയത്. ആരോപണം എംഎൽഎ നിഷേധിച്ചെങ്കിലും സംഭവത്തിൽ ജനസേനാ പാർട്ടി അന്വേഷണ സമിതിയെ നിയോഗിച്ചു.

2024ൽ ജോലിയുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തിനായി സമീപിച്ച തന്നെ ആരവ ശ്രീധർ കാറിൽ കൂട്ടിക്കൊണ്ടുപോയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി ഇത് ആവർത്തിച്ചെന്നും ഗർഭിണിയായപ്പോൾ നിർബന്ധിച്ച് തന്നെക്കൊണ്ട് ഗർഭഛിദ്രം ചെയ്യിച്ചുവെന്നും യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഐടി ജീവനക്കാരനായ ഭർത്താവിനെ അറിയിക്കും ജോലി കളയും കുടുംബത്തെ ഉപദ്രവിക്കും എന്നെല്ലാമായിരുന്നു ഭീഷണി എന്നും യുവതി പറഞ്ഞു. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ തന്നെ നിർബന്ധിച്ചു. വിവാഹമോചിതയായാൽ തന്നെ വിവാഹം ചെയ്യാമെന്നും ആരവ ശ്രീധർ വാഗ്ദാനം ചെയ്തതായും യുവതി വ്യക്തമാക്കി.

തെളിവായി എംഎൽഎയുടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും യുവതി പുറത്തുവിട്ടു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് എംഎൽഎ. തന്നെ മനഃപൂർവം അവഹേളിക്കാനുള്ള ശ്രമമാണെന്നും പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും ആരവ ശ്രീധർ പറ‌ഞ്ഞെങ്കിലും ജനസേനാ പാർട്ടി ഈ വിശദീകരണം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ആരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ടിഡിപി ആയിരുന്ന ആരവ ശ്രീധർ കഴി‌ഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേയാണ് ജനസേനാ പാർട്ടിയിൽ എത്തിയത്. ആന്ധ്രയിലെ റെയിൽ കൊടുരു മണ്ഡലത്തിലെജന പ്രതിനിധിയാണ് നിലവിൽ ആരവ ശ്രീധർ.