ലക്നൗ: രണ്ട് മാസം പ്രായമുള്ള മകളെ വീടിനുള്ളില്‍ കുഴിച്ച് മൂടി വീടിന് തീയിട്ട് യുവതി. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് കുഞ്ഞ് മരിച്ചതിന്‍റെ ദുഃഖത്തില്‍ യുവതി വീടിന് തീ വച്ചത്. മകള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നു യുവതി.

കുഞ്ഞിന് എത്ര ചികിത്സ നല്‍കിയിട്ടും അസുഖം മാറിയിരുന്നില്ല. കുഞ്ഞ് മരിച്ചതോടെ ഈ വിവരം യുവതി അയല്‍വാസികളെ അറിയിച്ചിരുന്നു. പിന്നീടാണ്  കുഞ്ഞിനെ  വീടിനുള്ളില്‍ തന്നെ അടക്കം ചെയ്യുകയും ശേഷം വീടിന് തീ വയ്ക്കുകയും ചെയ്തത്. 

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും യുവതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റ‍ഡിയിലാണെന്നും അസിസ്റ്റന്‍റ് പൊലീസ് സുപ്രണ്ട് മധുബന്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.