ദില്ലിയിൽ നിന്ന് ബിഹാറിലേക്ക് ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതിയെയും ബന്ധുവിനെയും വൻ വിദേശമദ്യ ശേഖരവുമായി പോലീസ് പിടികൂടി. ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന മദ്യമാണ് പിടിച്ചെടുത്തത്. യുവതിയുടെ കുടുംബത്തിന് മുൻപും മദ്യക്കടത്ത് കേസുകളിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാറ്റ്ന: ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ വിദേശമദ്യ ശേഖരവുമായി ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത യുവതി പിടിയിൽ. ദില്ലിയിൽ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നേഹാ ഝാ (25) എന്ന യുവതിയും ബന്ധുവായ ഈശാൻ കുമാറും പിടിയിലായത്. സമസ്തിപൂർ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസും ആർപിഎഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് ട്രെയിനിലെ ഫസ്റ്റ് എ.സി കൂപ്പെയുടെ വാതിൽ മുട്ടിയ പോലീസിന് മുന്നിൽ തികഞ്ഞ ശാന്തതയോടെയാണ് യുവതി നിന്നത്. ഇംഗ്ലീഷിൽ സംസാരിക്കുകയും പോലീസ് ചോദ്യം ചെയ്യുമ്പോഴും റെയ്ഡ് നടത്തുമ്പോഴും യാതൊരു പരിഭ്രമവും കാട്ടാതെ പെരുമാറുകയും ചെയ്ത യുവതിയുടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽനിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ലിറ്ററോളം വിദേശമദ്യം കണ്ടെടുത്തു. ഡിസംബറിൽ വീട്ടിൽ നടക്കാനിരിക്കുന്ന വിവാഹ ആവശ്യത്തിനായി ഹരിയാനയിൽ നിന്ന് കൊണ്ടുവന്നതാണ് മദ്യമെന്നാണ് ചോദ്യം ചെയ്യലിൽ നേഹ അവകാശപ്പെട്ടത്. എന്നാൽ ബീഹാറിൽ മദ്യനിരോധനം നിലനിൽക്കുന്നതിനാൽ മദ്യം കടത്തുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ടിക്കറ്റില്ലാതെയാണ് യുവതി യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
നേഹയുടെ കുടുംബത്തിന് മുൻപും മദ്യക്കടത്ത് കേസുകളിൽ പങ്കുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവരുടെ അച്ഛനും സഹോദരിയും മുൻപ് സമാന കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ച പോലീസിന് ദർഭംഗയിലെ പ്രമുഖ വ്യവസായികളുടെയും ഡോക്ടർമാരുടെയും ഫോൺ നമ്പറുകൾ ലഭിച്ചിട്ടുണ്ട്. ഇവർക്ക് വിതരണം ചെയ്യാനാണോ മദ്യം എത്തിച്ചതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


