ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലൻസ് ഇല്ലാത്തതിനാൽ യുവതി നടുറോഡില്‍ പ്രസവിച്ചു. ഹൈദരാബാദിലെ സൂര്യപേട്ടയിലാണ് സംഭവം നടന്നത്. രേഷ്മ എന്ന യുവതിയാണ് നടുറോഡിൽ കു‍ഞ്ഞിന് ജന്മം നൽകിയത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് രേഷ്മയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. എന്നാൽ ആശുപത്രിയില്‍ പോകാന്‍ ആംബുലൻസ് കിട്ടിയില്ല. തുടര്‍ന്ന് ഭർത്താവ് വെങ്കണ്ണ സ്കൂട്ടറിൽ കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും റോഡിലെ ബാരിക്കേഡുകൾ തടസ്സമായി. പിന്നാലെ വേദന അസഹനീയമായ രേഷ്മ റോഡിൽ തന്നെ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

സൂര്യപേട്ട പട്ടണത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള പെൻപഹാദില്‍ നിന്നും ആംബുലൻസ് എത്താന്‍ 40 മിനിറ്റെങ്കിലും സമയമെടുക്കുമെന്ന് വെങ്കണ്ണ പറയുന്നു. പിന്നാലെയാണ് സ്കൂട്ടറിൽ പോകാൻ തീരുമാനിച്ചതെന്നും വെങ്കണ്ണ കൂട്ടിച്ചേർത്തു.

പട്രോളിംഗിനിടെ വെങ്കണ്ണ ഓടുന്നത് കണ്ടതായും റോഡരികിൽ ഭാര്യ പ്രസവിച്ചതിനെ പറ്റി അറിയിച്ചതായും സർക്കിൾ ഇൻസ്പെക്ടർ ശിവ് റാം റെഡ്ഡി പറഞ്ഞു. സൂര്യപേട്ടയിലെ സർക്കാർ ആശുപത്രിയിൽ എത്തുന്നതിന് ഒരു കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്നും അദ്ദേഹം പറയുന്നു.

“ഞാൻ സ്ഥലത്തെത്തുമ്പോഴേക്കും യുവതി കുഞ്ഞിനെ പ്രസവിച്ചു. പൊക്കിള്‍ കൊടി മാത്രം മുറിച്ചുമാറ്റേണ്ടിവന്നു. ഞാൻ ആശുപത്രിയിൽ പോയി ഉദ്യോഗസ്ഥരോട് സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ആശുപത്രി വിടാൻ അനുവാദമില്ലെന്ന് അവർ പറഞ്ഞു. പിന്നീട് സ്ത്രീയെ എന്‍റെ വാഹനത്തിൽ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആംബുലൻസ് എത്തിയത്“ ശിവ് റാം റെഡ്ഡി പറയുന്നു. ഈ സഹചര്യങ്ങള്‍ക്കിടയിലാണ് ഭാര്യ പ്രസവിച്ചെതെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വെങ്കണ്ണ പറഞ്ഞു.