ഛത്തീസ്ഗഢിലെ റായ്പ്പൂരിൽ മഞ്ജുഷ ഗോസ്വാമി എന്ന നവവധു തൂങ്ങിമരിച്ചു. മരണത്തിന് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതി ആരോപിച്ചു.
റായിപ്പൂർ: ഛത്തീസ്ഗഢിലെ റായ്പ്പൂരിൽ പത്ത് മാസം മുമ്പ് വിവാഹിതയായ 26-കാരി തൂങ്ങിമരിച്ചു. മഞ്ജുഷ ഗോസ്വാമി എന്ന യുവതിയെ ഡി.ഡി. നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കരൺ നഗറിലുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനം ആരോപിച്ച് മഞ്ജുഷ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.
തന്നെ നിരന്തരമായി ഉപദ്രവിക്കുകയും സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്ത ഭർത്താവ്, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർത്താവിൻ്റെ അനിയൻ എന്നിവരാണ് തൻ്റെ മരണത്തിന് കാരണമെന്ന് മഞ്ജുഷ വീഡിയോയിൽ പറയുന്നു. ഈ പീഡനം കാരണം ജീവനൊടുക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു എന്നും യുവതി ആരോപിച്ചു. ഒക്ടോബർ 21-ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം നടന്നത്.
പ്രാഥമിക അന്വേഷണത്തിൽ, ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് മഞ്ജുഷയും ഭർത്താവും തമ്മിൽ ടിവി ഓഫ് ചെയ്യുന്നതിന്റെയും മൊബൈൽ ഫോൺ മാറ്റി വയ്ക്കുന്നതിന്റെയും പേരിൽ വഴക്കുണ്ടായതായി പൊലീസ് കണ്ടെത്തി. വഴക്കിന് ശേഷം ഭർത്താവ് മുറിയിൽ നിന്ന് പുറത്തുപോവുകയും അൽപ്പസമയത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഉൾപ്പെടെയുള്ള ഭർതൃവീട്ടുകാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


