അതിക്രമത്തിന് ശേഷം യുവതിയെ ഇവര്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഹരിയാന: ഹരിയാനയില്‍ 35 കാരി ട്രെയിനില്‍ കൂട്ട ബലാത്സംഗത്തിനിരയായതായി പൊലീസ്. വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവതിയാണ് പീഡനത്തിന് ഇരയായത്. ജൂണ്‍ 24 നാണ് യുവതിയെ കാണാതാവുന്നത്. 26 ന് ഭര്‍ത്താവ് പൊലീസ് പരാതി നല്‍കി. ഭാര്യ മുമ്പും ഇത്തരത്തില്‍ ഇറങ്ങിപ്പോയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ തിരികെ വന്നതായും യുവതിയുടെ ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇരിക്കുമ്പോൾ ഭര്‍ത്താവ് പറഞ്ഞുവിട്ടതാണ് എന്ന് പറഞ്ഞ് ഒരാൾ തന്നെ സമീപിച്ചുവെന്നും ഇയാൾ നിര്‍ത്തിയിട്ട ട്രെയിനിലെ ഒഴിഞ്ഞ ബോഗിയിലെത്തിച്ച് പീഡിപ്പിച്ചു എന്നുമാണ് യുവതിയുടെ മൊഴി.
പിന്നാലെ മറ്റ് രണ്ടുപേര്‍ ബോഗിയില്‍ എത്തി തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അതിക്രമത്തിന് ശേഷം യുവതിയെ ഇവര്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാക്കിലൂടെ കടന്നു പോയ ട്രെയിന്‍ തട്ടി യുവതിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടു. നിലവില്‍ യുവതി ചികിത്സയിലാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ എഫ്ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

