Asianet News MalayalamAsianet News Malayalam

ശ്രമിക് ട്രെയിനുള്ളിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി; ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ച് മന്ത്രി പിയൂഷ് ​ഗോയൽ

കഴിഞ്ഞ മെയ് മാസം മുതൽ ഏകദേശം 30 ലധികം കുഞ്ഞുങ്ങളാണ് പ്രത്യേക ശ്രമിക് ട്രെയിനുകൾ ജനിച്ചതെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു. 

woman gave birth a baby boy sramik train
Author
Delhi, First Published Jun 26, 2020, 11:55 AM IST

ദില്ലി: ശ്രമിക് പ്രത്യേക ട്രെയിനിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ​ഗോയലാണ് ട്വിറ്ററിലൂടെ ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. ഒപ്പം അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോയുമുണ്ട്. സെക്കന്തരാബാദ്-ഹൗറ പ്രത്യേക ട്രെയിനിലാണ്  32 വയസ്സുള്ള സൈറാ ഫാത്തിമ എന്ന യുവതി പ്രസവിച്ചത്. പ്രസവ സമയത്ത് യുവതിയെ സഹായിക്കാൻ റെയിൽ ഡോക്ടേഴ്സിന്റെ സഹായം ലഭിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ ഒഡീഷയിലെ ഖുർദ്ദ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേർന്നപ്പോഴാണ് യുവതിക്ക് പ്രസവ വേദന ആരംഭിച്ചത്. റെയിൽ അധികൃതർ ട്രെയിൻ നിർത്തിയിട്ടതിന് ശേഷം മെഡിക്കൽ സംഘത്തിന്റെ സഹായം തേടുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാൻ ആംബുലൻസും തയ്യാറാക്കിയിരുന്നു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

സെക്കന്തരാബാദ് -ഹൗറ പ്രത്യേക ശ്രമിക് ട്രെയിനിനുള്ളിൽ പിറന്ന മിടുക്കനായ കുഞ്ഞിന്റെ സന്തോഷക്കരച്ചിലിനെ സ്വാ​ഗതം ചെയ്യുന്നു. റെയിൽവേ ഡോക്ടേഴ്സിന്റെയും മെഡിക്കൽ സംഘത്തിന്റെയും സഹായത്തോടെ സുരക്ഷിതമായിട്ടായിരുന്നു യുവതിയുടെ പ്രസവം. റെയിൽവേ മന്ത്രി പിയൂഷ് ​ഗോയൽ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ മെയ് മാസം മുതൽ ഏകദേശം 30 ലധികം കുഞ്ഞുങ്ങളാണ് പ്രത്യേക ശ്രമിക് ട്രെയിനുകൾ ജനിച്ചതെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു. 

യാത്രക്കാർക്ക് വൈദ്യസഹായം എത്തിക്കാൻ റെയിൽവേ അധികൃതർ സദാസന്നദ്ധരാണെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ  നിന്നായി നിരവധി അതിഥി തൊഴിലാളികളാണ് ശ്രമിക് പ്രത്യേക ട്രെയിനുകളിൽ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോയത്. 75 ലക്ഷത്തിലധികം തൊഴിലാളികൾക്കായി 4500 ലധികം ശ്രമിക് ട്രെയിനുകൾ ഓടിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ​ഗോയൽ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios