Asianet News MalayalamAsianet News Malayalam

ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനിച്ച കുഞ്ഞിന്‍റെ പേരും ബുള്‍ബുള്‍

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭർത്താവും അച്ഛനും ചേർന്നാണ് കുഞ്ഞിന് ബുൾബുൾ എന്ന് പേരിടാൻ തീരുമാനിച്ചതെന്ന് കുട്ടിയുടെ അമ്മ സിപ്ര പറയുന്നു.

woman gives birth name boy bulbul in midnapore
Author
Midnapore, First Published Nov 12, 2019, 10:57 AM IST

കൊൽക്കത്ത: ബംഗാളിൽ ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ബുൾബുളെന്ന് പേരിട്ട് മാതാപിതാക്കൾ. മിഡ്നാപുർ സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിന് ബുൾബുളെന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്.

തിങ്കളാഴ്ചയാണ് സിപ്രയ്ക്ക് ഡോക്ടർമാർ ഡേറ്റ് നൽകിയിരുന്നത്. എന്നാൽ ശനിയാഴ്ച വൈകിട്ട് 5.20 ഓടെ സിപ്രയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് ഭർത്താവ് അശോക് ദോളി പറയുന്നു. ഉടൻ തന്നെ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചപ്പോൾ ഭാര്യയെ എത്രയും വേ​ഗം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് നിർദേശിക്കുകയായിരുന്നുവെന്നും അശോക് പറഞ്ഞു.

'ഡോക്ടറുടെ നിർദ്ദേശപ്രകാരം കാർ വിളിച്ച് ഞങ്ങൾ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കനത്ത മഴയും ഇരുണ്ട് മൂടിയ കാലവസ്ഥയുമായിരുന്നു അപ്പോൾ. ഹൈവേയിലൂടെയുള്ള യാത്ര വളരെ ദുഷ്കരവുമായിരുന്നു. രാത്രി 8.20 ഓടെയാണ് ഞങ്ങൾ ആശുപത്രിയിലെത്തിയത്. സിപ്രയെ ഉടൻ തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 8.50 ഓടെ ഞങ്ങളെ ആ സന്തോഷ വാർത്ത തേടിയെത്തി'- അശോക് ദോളി പറഞ്ഞു.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭർത്താവും അച്ഛനും ചേർന്നാണ് കുഞ്ഞിന് ബുൾബുൾ എന്ന് പേരിടാൻ തീരുമാനിച്ചതെന്ന് സിപ്ര പറയുന്നു. 'കഠിനമായ വേദനയിലായതിനാൽ എനിയ്ക്ക് അപ്പോൾ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് ഈ ഐഡിയ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടർ കുട്ടിയെ എന്നെ കാണിക്കുകയും പേരിനെക്കുറിച്ച് ചിന്തിച്ചിരുന്നോ എന്ന് ചോദിക്കുകയും ചെയ്തപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.' സിപ്ര കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios