കഴിഞ്ഞ മാസം പരിചയപ്പെട്ട യുവതിയുമായി ഇയാൾ വാട്സ്ആപ് വഴി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പിന്നീടാണ് യുവതി ബംഗളുരുവിലെത്തിയത്.
ബംഗളുരു: പരിചയം സ്ഥാപിച്ച ശേഷം മുറിയിലേക്ക് വിളിച്ചുവരുത്തിയ യുവതിയുടെ ചതിയിൽ വാഹനവും മൊബൈൽ ഫോണും നഷ്ടപ്പെട്ട് ടാക്സി ഡ്രൈവർ. യുവാവിനെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട ശേഷം ഹ്യൂണ്ടായ് അക്സന്റ് കാറുമായി യുവതിയും അവരെ കാത്തുനിന്ന ഒരു പുരുഷനും രക്ഷപ്പെട്ടു. ഇവർ പോയ വഴി കുറേ ദൂരം വരെ കണ്ടെത്താനായെങ്കിലും പിന്നീട് എങ്ങോട്ടേക്കാണ് പോയതെന്ന് പൊലീസിനും വിവരമില്ല.
ബംഗളുരു എച്ച്എംടി ലേഔട്ട് സ്വദേശിയായ ആനന്ദ് കുമാർ (39) ആണ് പരാതി നൽകിയത്. ഏപ്രിൽ അവസാനം കുറച്ച് പേർ ആനന്ദിന്റെ വാഹനം വിളിച്ച് കാർവാറിലേക്ക് പോയിരുന്നു. യാത്രക്കാർ അവിടെ കാഴ്ചകൾ കാണുന്നതിനിടെ 30 വയസിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു യുവതി ആനന്ദിനെ സമീപിച്ചു. പരിചയപ്പെട്ട ശേഷം താൻ ഉടനെ ബംഗളുരുവിലേക്ക് വരുന്നുണ്ടെന്നും അവിടെ നിന്ന് മൈസൂരിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. വാഹനം ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ നമ്പർ കൊടുത്തുവെന്നും യുവതി അവരുടെ നമ്പർ കൈമാറിയെന്നും ആനന്ദ് പരാതിയിൽ പറഞ്ഞു. പിന്നീട് ഇവർ വാട്സ്ആപ് കോളുകളിലൂടെയും മറ്റും ബന്ധം നിലനിർത്തി.
ഏതാനും ദിവസം മുമ്പ് രാത്രി 9.30ഓടെ യുവതി വിളിച്ച് താൻ അടുത്ത ദിവസം ബംഗളുരുവിൽ എത്തുമെന്നും വാഹനവുമായി വരണമെന്നും പറഞ്ഞു. പിറ്റേദിവസം 11 മണിക്ക് യുവതി വിളിച്ച് ബംഗളുരുവിൽ എത്തിയെന്ന് അറിയിച്ചു. മജസ്റ്റികിന് സമീപം തനിക്ക് റൂം ബുക്ക് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ തനിക്ക് ആ സ്ഥലം വലിയ പരിചയമില്ലെന്ന് പറഞ്ഞ ആനന്ദ് പിന്നീട് സിദേഹഹള്ളിയിലെ പി.വി റെസിഡൻസിയിൽ മുറി ബുക്ക് ചെയ്തു.
കാർ പാർക്കിങ് ഏരിയയിൽ കാത്തിരിക്കവെ യുവതി തനിക്ക് അടുത്തുള്ള ബ്യൂട്ടി പാർലറിൽ പോകണമെന്നും ആ സമയം ആനന്ദിന് മുറിയിൽ പോയി പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാമെന്നും പറഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. താൻ ബാത്ത് റൂമിൽ കയറിയ ഉടനെ യുവതി മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടിയെന്നും പോകുന്നതിന് മുമ്പ് ടേബിളിൽ നിന്ന് മൊബൈൽ ഫോണും കാറിന്റെ താക്കോലും എടുത്തുകൊണ്ടുപോയെന്നും ഇയാൾ ആരോപിച്ചു. ഹോട്ടൽ ലോബിയിൽ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനൊപ്പം കാറുമായി കടന്നുകളയുകയായിരുന്നു. ഹോട്ടൽ മുറിയിൽ കുടുങ്ങിയ ആനന്ദ് ബഹളം വെച്ചതോടെയാണ് ജീവനക്കാർ എത്തി ഇയാളെ പുറത്തിറക്കിയത്.
പിന്നീട് അന്വേഷിച്ചപ്പോൾ കാർ ചിത്രദുർഗ വരെ എത്തുന്നത് പൊലീസിന് സിസിടിവികളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഹോട്ടലിലെ സിസിടിവിയിൽ റെക്കോർഡിങ് സൗകര്യമില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ പരാതിയിൽ യുവാവ് പറയുന്നത് പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ പ്രത്യേക നിഗമത്തിലെത്തേണ്ടതില്ലെന്നും അന്വേഷണം മുന്നോട്ടുപോകുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.


