പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ടവാർ കൊണ്ട് അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. അധ്യാപകൻ ആരോപണങ്ങൾ നിഷേധിച്ചു, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ലഖ്നൌ: ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്. ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് യുവതി മദ്രസ അധ്യാപകനെ പൊതിരെ തല്ലിയത്. ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഹസീബ് കൈകൾ കൂപ്പി തല്ലരുതേയെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നു. ജാമോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

സ്ത്രീ രണ്ട് മിനിറ്റിനുള്ളിൽ 11 തവണ ചാട്ടകൊണ്ട് അധ്യാപകനെ അടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്- "നിങ്ങൾ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു. എന്റെ പക്കൽ തെളിവുണ്ട്. നിങ്ങൾ കുറ്റം സമ്മതിക്കൂ, അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും" എന്ന് അവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. അതേസമയം മദ്രസ അധ്യാപകൻ ഇതു നിഷേധിച്ചു. "ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ തെറ്റുകാരനല്ല" എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. യുവതിയുടെ കൂടെ വന്ന സ്ത്രീയാണ് ഈ സംഭവം മുഴുവൻ മൊബൈൽ ഫോണിൽ പകർത്തിയത്.

രാഷ്ട്രീയ ഗോ രക്ഷാ വാഹിനിയുടെ സംസ്ഥാന ചുമതലയുള്ള സർവേഷ് കുമാർ സിംഗ് വീഡിയോ സഹിതം പരാതി നൽകി. ഡിസംബർ 1 ന് സുൽത്താൻപൂർ എസ്പിക്കാണ് പരാതി നൽകിയത്. ബഹ്മർപൂർ ഗ്രാമപഞ്ചായത്തിലെ ഒരു മദ്രസയിലെ അധ്യാപകനായ മൗലാന ഹസീബിനെതിരെ ആണ് പരാതി. കുദ്വാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മുമ്പ് മറ്റൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും സർവേഷ് കുമാർ സിംഗ് പറഞ്ഞു.

"മദ്രസകളിൽ പഠിക്കുന്ന കുട്ടികൾ സുരക്ഷിതരല്ല" എന്നാണ് സർവേഷ് കുമാർ സിംഗിന്‍റെ ആരോപണം. ജില്ലയിലെ എല്ലാ മദ്രസകളിലെയും അധ്യാപകരുടെ സ്വഭാവവും പെരുമാറ്റവും അന്വേഷിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.

ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് പ്രകാരം, ജാമോ ടൗണിൽ ഒരു കട നടത്തുന്ന സ്ത്രീയാണ് മദ്രസ അധ്യാപനെ അടിച്ചത്. അധ്യാപകനെയും സ്ത്രീയെയും കണ്ടെത്താനാണ് ശ്രമമെന്ന് ജാമോ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിനോദ് സിംഗ് പറഞ്ഞു. യുവതി വീഡിയോയിൽ പറഞ്ഞത് ശരിയാണോയെന്ന് ഇപ്പോൾ വ്യക്തമല്ല. അന്വേഷണത്തിൽ വ്യക്തത ലഭിച്ച ശേഷം മാത്രമേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…