ദില്ലി: ദില്ലിയിൽ മാധ്യമ പ്രവർത്തകയ്ക്ക് വെടിയേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മിതാലി ചന്ദോലയാണ് ആക്രമണത്തിന് ഇരയായത്. കിഴക്കൻ ദില്ലിയിലെ വസുന്ധര എൻക്ലേവിൽ വച്ച് ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ദില്ലിയിലെ ധരംശില ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തു. 
 
നോയിഡയിലെ താമസസ്ഥലത്തേക്ക് പോകും വഴിയാണ് മിതാലിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന മിതാലിയെ പിൻതുടർന്നെത്തിയ മുഖംമൂടി ധരിച്ച രണ്ട് പേർ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ മിതാലിയുടെ കൈക്ക് വെടിയേറ്റു. കാറിന്റെ മുൻഭാഗത്തെ ഗ്ലാസും തകര്‍ന്നു. 

രണ്ടു തവണ തനിക്ക് നേരെ ആക്രമികൾ നിറയൊഴിച്ചുവെന്ന് മിതാലി പൊലീസിനോട് പറഞ്ഞു. കാര്‍ നിര്‍ത്താതെ മുന്നോട്ട് പോയപ്പോൾ പിന്തുടർന്ന ആക്രമികള്‍ കാറിന്റെ ഗ്ലാസിനു നേര്‍ക്ക് മുട്ടയെറിഞ്ഞ് കാഴ്ച തടസ്സപ്പെടുത്താൻ ശ്രമിച്ചതായും മിതാലി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

രാത്രിയിൽ യാത്രക്കാരെ അപായപ്പെടുത്തി മോഷണം നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ്  പൊലീസ് സംശയിക്കുന്നത്. മിതാലിയോടുള്ള വ്യക്തവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നോയിഡയിലെ പ്രാദേശിക ചാനലിലെ  മാധ്യമപ്രവർത്തകയാണ് മിതാലി. 

2008ൽ മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥൻ ദില്ലിയിലെ വസന്തകുഞ്ചിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ അക്രമികളുടെ വെടിയേറ്റ് മരിച്ചിരുന്നു.