ദില്ലി: ദില്ലി മെട്രോ ട്രെയിനു മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി. സംഭവം അറിഞ്ഞതോടെ ആഘാതം താങ്ങാനാവാതെ മകളെ കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു. നോയിഡ് സെക്ടര്‍ 128ല്‍ വെളളിയാഴ്ചയാണ് സംഭവം. എന്നാല്‍ രണ്ടിടത്തുനിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. 

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് ചെന്നൈ സ്വദേശിയായ ഭരത് (33) ജീവനൊടുക്കിയത്. സെക്ടര്‍ 128ലാണ് ഇയാളും കുടുംബവും കഴിഞ്ഞിരുന്നത്. ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. ട്രെയിനു മുന്നില്‍ ചാടിയ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലു മരണമടഞ്ഞിരുന്നു. 

സംഭവം അറിഞ്ഞതിനു പിന്നാലെ ഭരതിന്റെ ഭാര്യ അഞ്ചു വയസ്സുള്ള മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തി ഭര്‍ത്താവിന്റെ മൃതദേഹം ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. തിരിച്ച് വീട്ടിലെത്തിയ യുവതി മകളെയും വിളിച്ച് മുറിയ്ക്കുള്ളില്‍ കയറി കതകടച്ചു. ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി യുവതി സഹോദരന്‍ പറഞ്ഞു.