'എന്തൊരവസ്ഥയാണ്, നിൽക്കാൻ പോലും സ്ഥലമില്ലല്ലോ...'; ടിടിഇയോട് പരാതിപ്പെട്ട് യുവതി, താൻ മന്ത്രിയല്ലെന്ന് മറുപടി
മനുഷ്യരെ മൃഗങ്ങളെപ്പോലെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നതെന്നും മൂത്രമൊഴിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്നും യുവതി എക്സിൽ കുറിച്ചു.
കാൺപൂർ: ട്രെയിനിലെ തിരക്കിനെക്കുറിച്ച് ടിടിഇയോട് പരാതി പറയുന്ന യുവതിയുടെ വീഡിയോ വൈറൽ. ഓഖയിൽ നിന്ന് കാൺപൂർ സെൻട്രൽ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. തിങ്ങിനിറഞ്ഞ കോച്ചുകളിൽ നിരവധി പുരുഷന്മാർക്കിടയിൽ നിൽക്കുന്നത് അസ്വസ്ഥമാണെന്ന് യുവതി ടിടിഇയെ അറിയിച്ചു. ഇത്രയും കുറച്ച് സ്ഥലത്ത് ഞങ്ങൾക്ക് എങ്ങനെ ഇരിക്കാൻ കഴിയും. നിരവധി പുരുഷന്മാർക്കിടയിൽ ഒരു സ്ത്രീക്ക് അസ്വസ്ഥത അനുഭവപ്പെടും. ഇരിക്കുന്നത് വിടുക, അവിടെ നിൽക്കാൻ പോലും സ്ഥലമില്ലെന്ന് യുവതി പരാതിപ്പെട്ടു.
തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ടിടിഇ മറുപടി നൽകി. 'എനിക്ക് അധിക ട്രെയിനുകൾ ഓടിക്കാൻ കഴിയില്ല, ഞാൻ റെയിൽവേ മന്ത്രിയല്ല'- എന്നായിരുന്നു മറുപടി. മനുഷ്യരെ മൃഗങ്ങളെപ്പോലെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നതെന്നും മൂത്രമൊഴിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്നും യുവതി എക്സിൽ കുറിച്ചു.
ടിടിഇയുടെ മറുപടിക്കെതിരെ വ്യാപക വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്. എക്‌സിൽ 7 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. റെയിൽവേയുടെ അവസ്ഥ ഖേദകരമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. മിക്കവാറും എല്ലാ ട്രെയിനുകളിലും ഇതാണ് അവസ്ഥയെന്നും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ട്രെയിനുകളില്ലെന്നും വിമർശനമുയർന്നു.
നിരവധി യാത്രക്കാർ ടിക്കറ്റില്ലാതെയും താഴ്ന്ന ക്ലാസുകളിലേക്കുള്ള ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യുന്നതിനാൽ ബുക്ക് ചെയ്തിട്ടും കാര്യമില്ലെന്നും പറയുന്നു. ഫെബ്രുവരിയിൽ, ലഖ്‌നൗവിലെ ഒരു സ്റ്റേഷനിൽ ട്രെയിനിൻ്റെ ടോയ്‌ലറ്റിൽ ആളുകൾ യാത്ര ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു.