റെയിൽവെ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. വിവരം ലഭിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. 

ഔറംഗാബാദ്: ബിഹാറിലെ ഔറംഗാബാദിൽ നാല് മക്കൾക്ക് വിഷം കൊടുത്ത ശേഷം 40കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം ഉള്ളിൽച്ചെന്ന് മൂന്ന് പെൺകുട്ടികൾ മരിച്ചു. യുവതിയെയും ആറ് വയസുള്ള മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റഫിഗഞ്ച് റെയിവെ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. അഞ്ച് വയസുകാരി സൂര്യമണി കുമാരി, മൂന്ന് വയസുകാരി രാധാ കുമാരി, ഒരു വയസുള്ള ശിവാനി കുമാരി എന്നിവരാണ് മരിച്ചത്. 40കാരിയായ സോണിയ ദേവി, മകൻ റിതേഷ് കുമാർ എന്നിവരാണ് ഔറംഗാഹബാദിലെ സർക്കാർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിവരം ലഭിച്ച് തങ്ങൾ സ്ഥലത്തെത്തുമ്പോൾ യുവതിയും നാല് മക്കളും റെയിൽവെ സ്റ്റേഷനിൽ ബോധരഹിതരായി നിലത്ത് കിടക്കുകയായിരുന്നു എന്ന് ആർപിഎഫ് ഇൻസ്പെക്ടർ റാം സുമേർ പറഞ്ഞു. റെയിൽവെ പൊലീസും ലോക്കൽ പൊലീസും സ്ഥലത്തെത്തി. എല്ലാവരും ഗുരുതരാവസ്ഥയിലായിരുന്നു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മൂന്ന് പേരും നേരത്തെ തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേരെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഇപ്പോഴും ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭർത്താവും യുവതിയും തമ്മിൽ നേരത്തെ ചില തർക്കങ്ങളുണ്ടായിരുന്നെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് റഫിഗഞ്ച് പൊലീസ് എസ്എച്ച്ഒ ശംഭു കുമാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണ കാരണം വ്യക്തമാവൂ എന്നും റഫിഗഞ്ച് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം