അമൻദീപ് കൗറിനെതിരെ അഴിമതി കേസും ഫയൽ ചെയ്തു. ഏപ്രിലിൽ, 17.71 ഗ്രാം ഹെറോയിൻ കൈവശം വച്ചതിന് ആന്റി-നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് (ANTF) പിടികൂടിയതിനെത്തുടർന്ന് കൗറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ദില്ലി: ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമൻദീപ് കൗറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് ഏപ്രിലിൽ ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വെറും പൊലീസ് കോൺസ്റ്റബിളായ അമൻദീപിന് മഹീന്ദ്ര ഥാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിൾ, ഒരു കോടിയിലധികം വിലവരുന്ന പ്ലോട്ടുകൾ, രണ്ട് ഐഫോണുകൾ, ഒരു റോളക്സ് വാച്ച് തുടങ്ങിയ സ്വത്തുക്കളുണ്ടായിരുന്നെന്ന് വിജിലൻസ് അറിയിച്ചു. അമൻദീപ് കൗറിനെതിരെ അഴിമതി കേസും ഫയൽ ചെയ്തു. ഏപ്രിലിൽ, 17.71 ഗ്രാം ഹെറോയിൻ കൈവശം വച്ചതിന് ആന്റി-നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് (ANTF) പിടികൂടിയതിനെത്തുടർന്ന് കൗറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
തുടർന്ന് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട് പ്രകാരം അവർക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മെയ് 2 ന് ബട്ടിൻഡയിലെ ഒരു കോടതി അവരെ ജാമ്യത്തിൽ വിട്ടു. അമൻദീപിന്റെ പേരിലുള്ള 1.35 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു. 14 ലക്ഷം രൂപ വിലയുള്ള ഥാർ, ഒരു ലക്ഷം രൂപയുള്ള റോളക്സ് വാച്ച് എന്നിവയും ഇവരുടെ സ്വത്തിൽപ്പെടും. അന്വേഷണത്തിനിടെ, 2018 നും 2025 നും ഇടയിൽ അമൻദീപ് കൗർ സമ്പാദിച്ച സ്ഥാവര, ജംഗമ സ്വത്തുക്കളും, ശമ്പളം, ബാങ്ക് അക്കൗണ്ടുകൾ, വായ്പ രേഖകൾ എന്നിവയും പരിശോധിച്ചു.

ഇൻസ്റ്റാഗ്രാമിൽ തന്റെ ആഡംബര ജീവിതശൈലി പ്രദർശിപ്പിക്കുന്ന റീലുകൾ പതിവായി പോസ്റ്റ് ചെയ്യുന്ന 'ഇൻസ്റ്റാ ക്വീൻ' എന്നും അറിയപ്പെടുന്ന കൗറിന്റെ ചെലവ് ഈ കാലയളവിൽ അവരുടെ വരുമാനത്തേക്കാൾ വളരെ കൂടുതലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2018 നും 2024 നും ഇടയിൽ അമൻദീപ് കൗറിന്റെ ആകെ വരുമാനം 108,37,550 രൂപയായിരുന്നു. അതേസമയം അവരുടെ ചെലവ് 1,39,64,802.97 രൂപയായിരുന്നു. ഇത് നിയമാനുസൃത വരുമാനത്തേക്കാൾ 28.85 ശതമാനം കൂടുതലാണ്.


