മുംബൈയിൽ ബിജെപി റാലി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ സ്ത്രീ, മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. സ്കൂളിൽ നിന്ന് കുട്ടിയെ വിളിക്കാൻ പോവുകയായിരുന്ന സ്ത്രീയുടെ പ്രതിഷേധത്തിന്‍റെ വീഡിയോ വൈറലായതോടെ സംഭവം രാഷ്ട്രീയ വിവാദമായി. പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി.

മുംബൈ: മുംബൈയിലെ വർളിയിൽ ഭരണകക്ഷിയായ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന യാത്രക്കാരിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ചൊവ്വാഴ്ച നടന്ന മഹായുതി സഖ്യത്തിന്‍റെ പ്രതിഷേധ റാലിയെത്തുടർന്ന് കിലോമീറ്ററുകളോളം ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടതാണ് ജനരോഷത്തിന് കാരണമായത്. സ്കൂളിൽ നിന്ന് കുട്ടിയെ വിളിക്കാൻ പോയ സ്ത്രീ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയതോടെ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരുടെ ഇടയിലേക്ക് നേരിട്ടെത്തുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

റാലി നടത്തുന്നവർക്ക് സമീപത്തുള്ള മൈതാനം ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ചോദിച്ച അവർ, നൂറുകണക്കിന് ആളുകളെ റോഡിൽ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ആക്രോശിച്ചു. ഇവിടെ നിന്ന് പോകൂ. താങ്കൾ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണ് എന്നാണ് സ്ത്രീ മന്ത്രിയോട് പറഞ്ഞത്. മന്ത്രി ഗിരീഷ് മഹാജൻ അവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ അവർ തയ്യാറായില്ല. ഉന്നത ഉദ്യോഗസ്ഥരോട് മാത്രമേ സംസാരിക്കൂ എന്ന് പൊലീസിനോട് തീർത്തുപറഞ്ഞ സ്ത്രീയുടെ ധീരമായ നിലപാട് സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ സംഘടിപ്പിച്ച റാലിയിൽ ഒരു സ്ത്രീ തന്നെ ഭരണപക്ഷത്തിനെതിരെ തിരിഞ്ഞത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്.

Scroll to load tweet…

ഈ സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി. ബിജെപിയുടേത് വെറും നാടകമാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഇത്തരം രാഷ്ട്രീയ അഭ്യാസങ്ങൾക്കെതിരെ വരും തെരഞ്ഞെടുപ്പുകളിൽ പൊതുജനം പ്രതികരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു. രാഷ്ട്രീയ ലാഭത്തിനായി സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ ആരോപിച്ചു.