പൂനെയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടകരമായി ബൈക്ക് ഓടിച്ച യുവതിയെയും യുവാവിനെയും പോലീസ് അന്വേഷിക്കുന്നു. യുവതി പെട്രോൾ ടാങ്കിൽ ഇരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

പൂനെ: പൂനെയിലെ തിരക്കേറിയ റോഡിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി യാത്ര ചെയ്ത പുരുഷനെയും സ്ത്രീയെയും പൊലീസ് തെരയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും ബൈക്കിൽ യാത്ര ചെയ്യുന്നത് വീഡിയോയിൽ കാണാം. യുവതി പെട്രോൾ ടാങ്കിന് മുകളിലാണ് ഇരിക്കുന്നക്. മുന്നിലിരിക്കുന്ന പുരുഷനെ കെട്ടിപ്പിടുക്കുന്നുമുണ്ട്. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.

പിന്നാലെ വന്ന ബൈക്കിലെ യാത്രികൻ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിട്ടുള്ളത്. ഒരു ഘട്ടത്തിൽ, പെട്രോൾ ടാങ്കിലിരുന്ന യുവതി പിന്നോട്ട് കിടക്കാൻ ശ്രമിക്കുകയും, കാൽ വായുവിൽ ഉയർത്തുകയും ചെയ്യുന്നതും കാണാം. ഈ സമയം ബൈക്ക് തിരക്കേറിയ റോഡിലൂടെ മുന്നോട്ട് പോവുകയായിരുന്നു.

ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ വാർത്തകളിൽ ഇടം നേടുന്നത് ഇത് ആദ്യമായിട്ടല്ല. നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ സമാനമായ ഒരു വീഡിയോ മുമ്പ് വൈറലായിരുന്നു. അന്നും ഒരു ദമ്പതികൾ ഇതേ രീതിയിൽ, ഹെൽമെറ്റ് ധരിക്കാതെ, പരസ്പരം കെട്ടിപ്പിടിച്ച് അതിവേഗം യാത്ര ചെയ്യുകയായിരുന്നു.

ആ സംഭവം ഓൺലൈനിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും, നോയിഡ ട്രാഫിക് പൊലീസ് മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരം ബൈക്ക് ഉടമയ്ക്ക് 53,500 രൂപയുടെ ഇ-ചലാൻ നൽകുകയും ചെയ്തിരുന്നു. ആ കേസിലും ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് വീഡിയോയിൽ വ്യക്തമായിരുന്നു.