അന്വേഷണത്തിനിടെ അക്രം തന്റെ ഭാര്യയും സഹോദരിയും തമ്മിലുള്ള ബന്ധം അത്ര സുഖത്തിലായിരുന്നില്ലെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. സംശയം തോന്നിയ പൊലീസ് അക്രത്തിന്‍റെ ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്താവുന്നത്.
ഹത്രാസ്: ഉത്തർ പ്രദേശിൽ ഭർത്താവിന്‍റെ സഹോദരിയുുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച യുവതിയെ പൊലസ് അറസ്റ്റ് ചെയ്തു. ഹത്രാസ് ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദില്ലിയിലെ മൊഹല്ല നയി ബസ്തിയിൽ താമസിക്കുന്ന അക്രമിന്‍റെ ഭാര്യയാണ് പൊലീസിന്‍റെ പിടിയിലായത്. ഈ മാസം 11ന് അക്രമിന്റെ സഹോദരിയുടെ വിവാഹം നടക്കാനിരിക്കുകയാണ്. സഹോദരിയുടെ വിവാഹത്തിനായി അക്രം വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് യുവതി അടിച്ച് മാറ്റിയത്.
ഒക്ടോബർ 23ന് രാത്രിയോടെയാണ് വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കാണാതാവുന്നത്. അക്രം പിറ്റേന്ന് ഹത്രാസ് ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനിടെ അക്രം തന്റെ ഭാര്യയും സഹോദരിയും തമ്മിലുള്ള ബന്ധം അത്ര സുഖത്തിലായിരുന്നില്ലെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. സംശയം തോന്നിയ പൊലീസ് അക്രത്തിന്‍റെ ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്താവുന്നത്. ചോദ്യം ചെയ്യലിൽ താനാണ് ആഭരണങ്ങൾ മോഷ്ടിച്ചതെന്നും, അവ തന്റെ വീട്ടിലേക്ക് കൊടുത്തയച്ചതായും യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
മാലകൾ, വളകൾ, മോതിരങ്ങൾ ചെയിനുകൾ എന്നിവയടക്കം ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ആണ് ഇവർ അടിച്ചുമാറ്റിയത്. പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ വീട്ടിൽ നിന്നും ആഭരണങ്ങൾ കണ്ടെത്തി. വീണ്ടെടുത്ത ആഭരണങ്ങൾ അക്രമിന്‍റെ കുടുംബത്തിന് കൈമാറുമെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും ഹത്രാസ് ഗേറ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.


