ദില്ലി:  ലക്നൌവിലെ  വിജനമായ ഹൈവേയുടെ അരികിൽ നിന്ന് കൊണ്ട് കടന്നു പോകുന്ന ഓരോ വാഹനത്തിനും കൈനീട്ടുകയാണ് ഒരു യുവതി. അവരുടെ ഒരു കയ്യിൽ ചെറിയൊരു ബാ​ഗും തോളിൽ മൂന്നു വയസ്സുകാരിയായ മകളുമുണ്ട്. എന്നാൽ കടന്നു പോകുന്ന ട്രക്കുകളോ വാഹനങ്ങളോ ഇവർക്ക് മുന്നിൽ നിർത്തുന്നില്ല. ഇൻഡോറിൽ നിന്നും അമേഠിയിലെ വീട്ടിലേക്ക് മകൾ നർ​ഗീസിനൊപ്പം കാൽനടയാത്ര ചെയ്യുന്ന 25 കാരിയായ റുക്സാന ബാനോ എന്ന യുവതിയാണിത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ മകള്‍ക്ക കൊറോണ ബാധിക്കുമോ എന്ന് ഭയന്ന് നാട്ടിലേക്ക് നടക്കുകയാണ് ഈ അമ്മ. 

900 കിലോമീറ്ററാണ് ഇവർക്ക് നടന്നു തീർക്കേണ്ടത്. 'തലേന്ന് രാത്രി മകൾ ഒന്നും കഴിച്ചിട്ടില്ല. എന്റെ കുഞ്ഞിനെ  ഓർത്ത് പേടി തോന്നുന്നു.  ലിഫ്റ്റ് കിട്ടിയില്ലെങ്കിലും കാൽനടയായി വീട്ടിലേക്കുള്ള യാത്ര തുടരാനാണ് തീരുമാനം.' റുക്സാന പറയുന്നു. എട്ട് പേരുടെ (അവളുടെ ബന്ധുക്കൾ) ഒരു സംഘത്തിനൊപ്പമാണ് ഈ അമ്മയും മകളും യാത്ര ചെയ്യുന്നത്. 

അമേഠിയിലെ ജ​ഗദീഷ്പൂർ സ്വദേശികളായ റുക്സാനയും ഭർത്താന് അക്കീബും മധ്യപ്രദേശിലെ ഇൻഡോറിലാണ് താമസിച്ചിരുന്നത്. അക്കീബ് ഭക്ഷണശാലയിലെ വെയിറ്ററാണ്. റുക്സാന വീടുകളിൽ സഹായിയായി പോകുന്നുണ്ട്. ഒരു മാസം ലഭിക്കുന്ന 9000 രൂപയിൽ നിന്ന് 3000 രൂപ മകളുടെ ഭാവിക്കായി ഈ മാതാപിതാക്കൾ മാറ്റി വയ്ക്കും. എട്ടാം ക്ലാസ് വരെയേ റുക്സാന സ്കൂളില്‍ പോയിട്ടുള്ളൂ. എന്നാല്ർ മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് റുക്സാനയുടെ ആഗ്രഹം.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവർക്ക് ജോലി നഷ്ടപ്പെട്ടു. കയ്യിലുണ്ടായിരുന്നതൊക്കെ ചെലവായിപ്പോയി. എന്നാൽ മകൾക്ക് വേണ്ടി സമ്പാദിച്ചതിൽ നിന്ന് ഒരു ചില്ലി പോലും ചെലവാക്കാൻ റുക്സാന തയ്യാറായിരുന്നില്ല. മകളെ കൊവിഡ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഇൻഡോറിലെ വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയായിരുന്നു എന്ന് റുക്സാന പറയുന്നു. മധ്യപ്രദേശിലെ ബിസിനസ് കേന്ദ്രമായ ഇൻഡോറിൽ വളരെ ​ഗുരുതരമായ അവസ്ഥയിലാണ് കൊവിഡ് വ്യാപിച്ചിരിക്കുന്നത്.

ഏപ്രിൽ മാസത്തിൽ ലോക്ക് ഡൗൺ നീട്ടിയപ്പോൾ‌ റുക്സാനയുടെ ബന്ധുക്കളിൽ ചിലർ നാട്ടിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു. പക്ഷേ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ തങ്ങൾ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു എന്ന് റുക്സാന പറയുന്നു. എന്നാൽ‌ വീണ്ടും ലോക്ക് ഡൗൺ നീട്ടുകയും കൊറോണ വ്യാപനം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് തിരിച്ചു പോകാൻ ഇവർ തീരുമാനിച്ചത്. മകൾക്ക് കൊറോണ  ബാധിക്കുമോ എന്നായിരുന്നു ഇവരുടെ ഏറ്റവും വലിയ ഭയം. അങ്ങനെ അത്യാവശ്യം വസ്ത്രങ്ങളും ബിസ്കറ്റും ജാമും വെള്ളവുമെടുത്ത് ഇവർ യാത്ര ആരംഭിച്ചു.

ബുധനാഴ്ച രാത്രിയാണ് ഇവർ യാത്ര ആരംഭിച്ചത്. ട്രക്കുകളിലും ട്രാക്റ്ററിലും ലിഫ്റ്റ് ചോദിച്ചാണ് ഇവർ‌ യാത്ര തുടരുന്നത്. ശനിയാഴ്ച രാത്രി ഇവർ ലക്നൗവിലെത്തിയിരുന്നു. മകളെയും തോളിലെടുത്ത് റുക്സാനയാണ് സംഘത്തിന്റെ ഏറ്റവും മുന്നിലുള്ളത്. ചൂടിനെ പ്രതിരോധിക്കാൻ മകളെ ഒരു തുണി കൊണ്ട് മൂടിയാണ് നടത്തം. ഇത്തരത്തിൽ സ്വദേശത്തേയ്ക്ക് മടങ്ങുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ പ്രതിനിധിയാണ് റുക്സാനയും നർ​ഗീസും.