തമിഴ്നാട് മുഖ്യമന്ത്രി വിജയ് 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത് സ്ത്രീകൾ ആഘോഷിക്കുകയാണെന്ന് മന്ത്രി കീർത്തന. സ്ത്രീകളുടെ ദീർഘകാല ആവശ്യമാണ് വിജയ് സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി എസ് കീർത്തന പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിൽ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ്‍ ഉത്തരവിട്ടതിന് പിന്നാലെ സ്ത്രീകൾ ആഘോഷം തുടങ്ങിയെന്ന് മന്ത്രി എസ് കീർത്തന. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്ത്രീകൾ ആദ്യം ആവശ്യപ്പെട്ടത് ഇക്കാര്യം ആണ്. രണ്ടാം ദിവസം തന്നെ വിജയ് സർക്കാർ ഇത് നടപ്പാക്കിയെന്നും കീർത്തന പറഞ്ഞു. ‘തമിഴ്‌നാട്ടിലെ സ്ത്രീകൾ ആവശ്യപ്പെട്ടു, വിജയ് അത് ചെയ്തു’ എന്നാണ് കീർത്തനയുടെ പ്രതികരണം. ക്ഷേത്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബസ് സ്റ്റാൻഡുകൾക്കും 500 മീറ്റർ പരിധിയിൽ 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടതിനെ കുറിച്ചാണ് കീർത്തനയുടെ പ്രതികരണം. പൊതുജന ക്ഷേമത്തോടും സ്ത്രീകളുടെ ആശങ്കകളോടുമുള്ള മുഖ്യമന്ത്രി വിജയിയുടെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് കീർത്തന പറഞ്ഞു.

സ്ത്രീകളുടെ കൈയടി നേടി വിജയ്
അധികാരത്തിലേക്കുള്ള പാതയിൽ ഒപ്പം നിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്‌ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാണ് താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ ചട്ടം.
എംജിആറിന്റെയും ജയലളിതയുടെയും കാലത്ത് അണ്ണാഡിഎംകെ എംഎൽഎ ആയിരുന്ന ജെ സി ഡി പ്രഭാകർ ആണ് പുതിയ സ്പീക്കർ. സ്പീക്കറും വിജയ് യും താനും ലോയോള കോളേജിലെ പൂർവ വിദ്യർഥികൾ എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, രാഷ്ട്രീയത്തിലെ സീനിയോറിറ്റി ഓർമിപ്പിച്ച് ടിവികെയെ കുത്തി. 'ഞങ്ങൾ ആണ് മുതിർന്നവർ. ഉപദേശം നൽകാൻ തയ്യാർ. മുഖ്യമന്ത്രി സ്വീകരിക്കണം' എന്നാണ് ഉദയനിധി പറഞ്ഞത്.
ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നേതാക്കൾ ഒന്നിച്ചു പുതിയ സ്പീക്കർ കസേരയിലേക്ക് ആനയിക്കുന്നതിന്‍റെ ചരിത്രം ചൂണ്ടിക്കാട്ടി വിജയ് സൗഹൃദത്തിന്റെ സ്വരത്തിൽ ആണ് സംസാരിച്ചത്. എല്ലാ അംഗങ്ങൾക്കും ഒരേ പരിഗണന നൽകുമെന്നും വിജയ് വ്യക്തമാക്കി. എടപ്പാടി പളനിസ്വാമിയെയും എസ് പി വേലുമണിയെയും സംസാരിക്കാൻ പ്രത്യേകം ക്ഷണിച്ചതോടെ അണ്ണാഡിഎംകെയിലെ പിളർപ്പ് സഭക്കുള്ളിൽ തന്നെ സ്ഥിരീകരിക്കപ്പെട്ടു. 24 എംഎൽഎമാരുടെ പിന്തുണ ഉള്ള വേലുമണി ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ഇപിഎസിനെ പിന്തുണയ്ക്കുന്നത് 23 പേർ മാത്രമാണ്.
നാളത്തെ വിശ്വസവോട്ട് വിജയ്ക്ക് ഇനി ഈസിയാണ്. പക്ഷെ അഴിമതികേസുകൾ നേരിടുന്ന എഐഎഡിഎംകെ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാൻ ശ്രമിച്ചാൽ ചോദ്യങ്ങൾ ഉയരും. തിരുപ്പത്തൂരിൽ ഒറ്റ വോട്ടിന് തോറ്റ ഡിഎംകെ സ്ഥാനാർഥിയുടെ ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി, സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിയെ തടഞ്ഞു. ഒരു പോസ്റ്റൽ ബാലറ്റ് മറ്റൊരു മണ്ഡലത്തിലേക്ക് തെറ്റായി അയച്ചത് കാരണം പരാജയെപ്പെട്ടെന്ന ഡിഎംകെയുടെ സ്ഥാനാർത്ഥിയുടെ ഹർജിയിലാണ് ഇടക്കാല് ഉത്തരവ്.


