മുംബൈ: പരസ്യമായി അടുത്തിടപഴകിയ കമിതാക്കളെ വിലക്കിയ യുതിയെ മർദ്ദിച്ചതായി പരാതി. മുംബൈയിലാണ് സംഭവം. മുംതാസ് ഖാദിര്‍ ഷെയ്ഖ് (34) എന്ന യുവതിയാണ് മർദ്ദനമേറ്റതായി പൊലീസിൽ പരാതി നൽകിയത്. കമിതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് മുംതാസ് പരാതി നൽകിയത്. 

മെയ് രണ്ടാം തീയതി രാത്രി എട്ട് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. അതിഥി തൊഴിലാളികൾക്ക് ഭക്ഷണ വിതരണത്തിനിടെയാണ് പെണ്‍കുട്ടിയും യുവാവും പരസ്യമായി അടുത്തിടപഴകിയത് കണ്ടതെന്ന് മുംതാസിന്റെ പരാതിയിൽ പറയുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടിയെ വിലക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അവര്‍ തന്നെ അധിക്ഷേപിച്ചുവെന്നും പരാതിയിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

കൂടാതെ ഒപ്പമുണ്ടായിരുന്ന യുവാവ് തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്നും ഇവര്‍ ആരോപിച്ചു. ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളും കൂട്ടത്തോടെ ആക്രമിച്ചതായും പരാതിയിലുണ്ട്.  ബളഹം കേട്ടെത്തിയ നാട്ടുകാരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും പിന്നീട് ജെജെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുവതി പറഞ്ഞു. 

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കമിതാക്കളോ അവരുടെ ബന്ധുക്കളോ സംഭവത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.