ഹൈദരാബാദ്: നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകൻ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവതി. 23കാരിയാണ് തനിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ടവറിന് മുകളിൽ കയറിയത്. തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച്‌ മറ്റൊരാളെ വിവാഹം ചെയ്യാന്‍ കാമുകൻ തീരുമാനിച്ചതോടെയാണ് യുവതി പ്രകോപിതയായത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. എന്‍ ബാബു എന്ന യുവാവുമായി  കഴിഞ്ഞ ഒമ്പത് വർഷമായി മാലിക എന്ന യുവതി പ്രണയത്തിലായിരുന്നു. ഇരുവരും പരസ്പരം വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാൽ അടുത്ത കാലത്ത് യുവതിയെ അവഗണിച്ച യുവാവ്, മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടത്തി. ഇതോടെയാണ് മാലിക പ്രകോപിതയായി ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ടവറില്‍ നിന്നും താഴേയിറക്കി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബാബുവിന്റെ ‌ വീട്ടുകാരുമായി പൊലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചയ്‌ക്കൊടുവില്‍ യുവതിയുമായുള്ള വിവാഹത്തിന് യുവാവും കുടുംബവും സമ്മതം അറിയിച്ചതായി പൊലീസ് പറഞ്ഞു.