രാത്രി 2.15 ഓടെ മീണ യുവതി ഇരുന്ന കോച്ചിൽ എത്തി. തുടർന്ന് ടിക്കറ്റും ഐഡി പ്രൂഫും പരിശോധിച്ച് തിരികെ പോയ ഇയാൾ അല്പസമയത്തിനകം തിരികെ വന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു 

മുംബൈ: ട്രെയിന്‍ യാത്രക്കിടെ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതി. ചെന്നൈ ദാദര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. യുവതിയുടെ മുന്നിലെത്തിയ ടിടിഇ പെട്ടന്ന് വസ്ത്രങ്ങൾ അഴിക്കുകയും ലൈംഗികചേഷ്ടകൾ കാണിക്കുകയുമായിരുന്നുവെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ടിടിഇ എച്ച് എസ് മീണയ്ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ദിവസമാണ് ചെന്നൈ സ്വദേശിയായ യുവതിക്കെതിരെ അതിക്രമം നടന്നത്. മുംബൈയിൽ ആശുപത്രിയിൽ രോ​ഗബാധിതനായി കഴിയുന്ന പിതാവിനെ കാണാനായി പോവുകയായിരുന്നു യുവതി. ദാദര്‍ എക്‌സ്പ്രസിലെ എസ്-8 കോച്ചിലായിരുന്നു യാത്ര. രാത്രി 2.15ഓടെ മീണ യുവതി ഇരുന്ന കോച്ചിൽ എത്തി. തുടർന്ന് ടിക്കറ്റും ഐഡി പ്രൂഫും പരിശോധിച്ച് തിരികെ പോയ ഇയാൾ അല്പസമയത്തിനകം തിരികെ വന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു.

യുവതിയുടെ മുന്നിലെത്തിയ മീണ വസ്ത്രങ്ങള്‍ അഴിച്ച് ലൈംഗികചേഷ്ടകൾ കാണിക്കാൻ തുടങ്ങി. തുടർന്ന് അന്ധേരിയിലുള്ള ബന്ധുവിനെ യുവതി വിളിച്ച് വിവരം പറഞ്ഞു. അയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് കോച്ചിലെത്തിയെങ്കിലും, ടിടിഇ സ്ഥലം വിട്ടിരുന്നു. സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥനാണ് മീണയെന്ന് അധികൃതര്‍ അറിയിച്ചു.