ദില്ലി: ഇന്ന് ലോകവനിതാ ദിനം. പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഇന്ന് സ്ത്രീകൾ കൈകാര്യം ചെയ്യും. പ്രവൃത്തികളിലൂടെ എല്ലാവരേയുംസ്വാധീനിക്കാൻ കഴിഞ്ഞ സ്ത്രീകൾക്ക് വനിതാ ദിനത്തിൽ തന്റെ  സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കാം എന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിനായി ഷി ഇൻസ്പയേഴ്സ് അസ് എന്ന ഹാഷ് ടാഗിൽ മാതൃകയായ സ്ത്രീകളെ കുറിച്ച് പോസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

മൈ ഗവൺമെന്റ് ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ നൂറ് കണക്കിന് സ്ത്രീകളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ ട്വീറ്റിലൂടെ പരിചയപ്പെടുത്തിയ ലിസി പ്രിയ കംഗുജം എന്ന പെൺകുട്ടി പ്രധാനമന്ത്രിയുടെ അംഗീകാരം നിരസിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിരുന്നു. മണിപ്പൂരിൽ നിന്നുള്ള കാലാവസ്ഥാ പ്രവർത്തകയാണ് എട്ടു വയസ്സുകാരിയായ ലിസിപ്രിയ കംഗുജം. 

അതേ സമയം അവകാശ സംരക്ഷണ സന്ദേശം ഉയർത്തി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി നടത്തത്തില്‍ പ്രമുഖർ പങ്കെടുത്തു. മന്ത്രി കെ.കെ.ശൈലജയും വനിതാ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളും രാത്രി നടത്തത്തിന്റെ ഭാഗമായി. സ്ത്രീകളുടെ അവകാശ സംരക്ഷണം എന്ന ലക്ഷ്യം മുൻനിർത്തി യുഎൻ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു വനിതാ ദിനത്തിന്റെ തലേന്ന് സംസ്ഥാനത്ത് രാത്രി നടത്തം. തലമുറകളുടെ തുല്യത ഉറപ്പുവരുത്താൻ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ വനിതകൾ രാത്രി നഗര നിരത്തുകളിലേക്കെത്തി.