ലഖ്‍നൗ: ഉത്തര്‍പ്രദേശിലെ ഫത്തേഹ്‍പൂരില്‍ ബലാത്സംഗം ചെയ്‍തതിന് ശേഷം ബന്ധു തീകൊളുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതി കാൺപൂരിലെ  ലാലാ ലജ്‍പത് റായ്‌ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്‍ചയാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്.

അയല്‍വാസിയായ ബന്ധുവാണ് യുവതിയെ ബലാത്സംഗം ചെയ്‍തത്. സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ മണ്ണെണ്ണ ഒഴിച്ച് യുവതിയെ തീകൊളുത്തുകയായിരുന്നു. ഉന്നാവ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ വീണ്ടുമൊരു യുവതി ബലാത്സംഗത്തിന് ഇരയായതും ക്രൂരമായി  കൊല്ലപ്പെട്ടതും.