മഥുര: പശുക്കളെ കശാപ്പ് ചെയ്യാനോ ഉപദ്രവിക്കാനോ ആരെയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാന്‍ കൃഷ്ണന്‍ പശുക്കളെ പരിപാലിച്ചിരുന്നു. ഭഗവാന്‍റെ ഇഷ്ടമൃഗത്തെ കശാപ്പ് ചെയ്യുന്നത് പോയിട്ട് ഉപദ്രവിക്കുന്നത് പോലും സഹിക്കില്ല. ഇത് ഞങ്ങളുടെ  ദൃഢനിശ്ചയമാണ്. പശുക്കളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും-മഥുരയിലെ മാതാജി പശു ഷെല്‍ട്ടര്‍ ഹോമിലെ അത്യാധുനിക പശു ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി. 

പശുക്കള്‍ക്ക് രോഗം തടയാനായി പ്രതിരോധ മരുന്ന് എല്ലാ ജില്ലകള്‍ക്കും നല്‍കിയിട്ടുണ്ട്. മരുന്ന് നല്‍കിയ എല്ലാ പശുക്കള്‍ക്ക് ടാഗ് നല്‍കും. മരുന്ന് ലഭിക്കാത്ത പശുക്കളെ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കും. അലഞ്ഞ് തിരിയുന്ന പശുക്കളെ പരിപാലിക്കുന്നവര്‍ക്കായി 900 രൂപ നല്‍കുന്നുണ്ട്. 

500 വര്‍ഷമായി പരിഹരിക്കാതെ കിടന്ന അയോധ്യ പ്രശ്നം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് പരിഹരിച്ചതെന്നും യോഗി പറഞ്ഞു. ഗംഗയെ ഞങ്ങള്‍ ശുദ്ധീകരിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യമുനയെയും ശുദ്ധീകരിക്കും. ഈ രണ്ട് നദികളും നമ്മുടെ അമ്മമാര്‍ക്ക് തുല്യമാണ്. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രാജ് പ്രദേശത്താണ് രാധയും കൃഷ്ണനും എത്തിയത്. ഇപ്പോള്‍ ഈ പ്രദേശത്തിന്‍റെ മഹത്വം ലോകമാകെ തിരിച്ചറിഞ്ഞു. ബ്രാജ് മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.