Asianet News MalayalamAsianet News Malayalam

ഇന്റിഗോ തിരുത്തിയാൽ നല്ലത്, തനിക്കെതിരായ കേസ് കോടതി നടപടിക്രമം: നിലപാടിൽ മാറ്റമില്ലെന്ന് ഇപി

താൻ ഇന്റിഗോ വിമാനത്തിൽ കയറാതിരിക്കുന്നതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എഫ് ഐ ആറിൽ രേഖപ്പെടുത്തുന്നത് പരാതി നൽകുന്നവർ പറയുന്ന കാര്യങ്ങളാണെന്നും ഇപി ജയരാജൻ

would be good if Indigo corrects action against me says EP Jayarajan travels on train
Author
Kannur, First Published Jul 21, 2022, 8:39 PM IST

കണ്ണൂർ: ഇന്റിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന നിലപാടിൽ നിന്ന് പിന്മാറാതെ ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ഇന്ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. യാത്രക്കായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിയ അദ്ദേഹം തനിക്ക് എതിരെ വന്നത് കോടതിയുടെ നടപടി ക്രമം മാത്രമാണെന്ന് പറഞ്ഞു. താൻ ഇന്റിഗോ വിമാനത്തിൽ കയറാതിരിക്കുന്നതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എഫ് ഐ ആറിൽ രേഖപ്പെടുത്തുന്നത് പരാതി നൽകുന്നവർ പറയുന്ന കാര്യങ്ങളാണെന്ന് പറഞ്ഞ് തനിക്കെതിരെ ചുമത്തിയ കേസിനെ  അദ്ദേഹം നിസാരവത്കരിച്ചു. ഇന്റിഗോ വിമാനക്കമ്പനി തിരുത്തിയാൽ നല്ലതാണെന്ന് പറഞ്ഞ ഇപി ജയരാജൻ, ഇന്റിഗോ വിമാന കമ്പനിക്ക് എതിരായി താൻ എടുത്ത നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇപി ജയരാജനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. ഇ പി ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ  മുഖത്ത് ഇടിച്ചു. പ്രതിഷേധിച്ച  ഫർസീൻ മജീദിന്‍റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ച് പ്രതിഷേധിക്കാറായോ എന്ന്  ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ് ഐ ആറില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി എ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. 

Follow Us:
Download App:
  • android
  • ios