Asianet News MalayalamAsianet News Malayalam

Year Ender 2023: തെരഞ്ഞെടുപ്പുകള്‍, പോര്‍വിളികള്‍, വിജയപരാജയങ്ങള്‍; കലങ്ങിമറിഞ്ഞ് ഇന്ത്യന്‍ രാഷ്ട്രീയം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ബി.ജെ.പി മൂന്നാം ഊഴത്തിനായി പ്രയത്‌നിക്കുമ്പോള്‍, അടിമുടി വ്യത്യസ്തമായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒരേ പന്തിയില്‍ അണിനിരത്തുന്ന ഇന്ത്യ മുന്നണി എന്ന പരീക്ഷണത്തിലൂടെ അതിന് തടയിടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ഐ.

Year Ender 2003 Indian politics elections 2023
Author
First Published Dec 7, 2023, 1:07 PM IST

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ലോകസഭാ തെരഞ്ഞെടുപ്പ് 2024-ലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ബി.ജെ.പി മൂന്നാം ഊഴത്തിനായി പ്രയത്‌നിക്കുമ്പോള്‍, അടിമുടി വ്യത്യസ്തമായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഒരേ പന്തിയില്‍ അണിനിരത്തുന്ന ഇന്ത്യ മുന്നണി എന്ന പരീക്ഷണത്തിലൂടെ അതിന് തടയിടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ഐ. വീറുറ്റ ഈ പോരാട്ടത്തിന്റെ സെമിഫൈനലുകള്‍ എന്ന നിലയിലാണ്, 2023-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും ശ്രദ്ധേയമായത്.  ദേശീയ, സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച അത്തരം അഞ്ച് വാര്‍ത്താസംഭവങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ രാഷ്ട്രീയ ബാലന്‍സ് ഷീറ്റ്. 

1. മേഘാലയ, നാഗാലാന്റ് തെരഞ്ഞെടുപ്പുകള്‍

പുതുവര്‍ഷം പിറന്ന് അടുത്തമാസമായിരുന്നു മഘാലയ, നാഗാലാന്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍. തന്ത്രപരമായ പ്രാദേശിക സഖ്യങ്ങളിലൂടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ബി.ജെ.പി പിടിമുറുക്കിയതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഈ തെരഞ്ഞെടുപ്പുകള്‍. 

ഫെബ്രുവരി 27-നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നത്. മേഘാലയയില്‍ ഇരുപത്തിയാറു സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി  ആയ എന്‍പിപിയെ ബി.ജെ.പി, യുഡിപി, പിഡിഎഫ് പാര്‍ട്ടികള്‍ പിന്തുണച്ചു. എന്‍പിപി നേതാവ് കൊന്റാഡ് സാംഗ്മ മുഖ്യമന്ത്രിയായി അധികാരമേറ്റു.  

നാഗാലാന്‍ഡില്‍ 60 -ല്‍ 37 സീറ്റുകള്‍ നേടിയ എന്‍ഡിപിപി -ബിജെപി സഖ്യത്തിന് മറ്റു പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതായി. 72 -കാരനായ നെഫ്യൂ റിയോ അഞ്ചാം തവണ നാഗാലന്‍ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ടിആര്‍ സിലിയങ്ങ്, വൈ പാറ്റണ്‍ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. 

2. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്

ദീര്‍ഘകാലം സി പി എം ഭരിച്ച ത്രിപുര പൂര്‍ണ്ണമായി ബി.ജെ.പിയുടെ കൈപ്പിടിയിലൊതുങ്ങിയെന്ന പ്രഖ്യാപനമായിരുന്നു ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ബാക്കിവെച്ചത്.  ഫെബ്രുവരി 16 -നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 2-ന് ഫലം പ്രഖ്യാപിച്ചപ്പോള്‍, എതിരാളികളായ സെക്യുലര്‍ ഡെമോക്രാറ്റിക് ഫോഴ്സിനെയും തിപ്ര മോത പാര്‍ട്ടിയെയും പരാജയപ്പെടുത്തി ബി.ജെ. പി കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുകയായിരുന്നു.  തുടര്‍ന്ന്, മണിക് സാഹ മുഖ്യമന്ത്രിയായി അധികാരമേറ്റു. 32 ബിജെപി അംഗങ്ങളുടെയും ഒരു ഐപിഎഫ്ടി അംഗത്തിന്റെയും പിന്തുണയോടെയാണ് അദ്ദേഹം അധികാരത്തിലേറിയത്. 

അരങ്ങേറ്റത്തില്‍ തന്നെ 13 സീറ്റുകള്‍ നേടി തിപ്ര മോത പാര്‍ട്ടി ത്രിപുരയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി. തിപ്ര മോത പാര്‍ട്ടി നേതാവ് അനിമേഷ് ദെബാര്‍മയാണ് പ്രതിപക്ഷ നേതാവ്. 

3. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് 

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് കനത്താ ആഘാതമായിരുന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആയിരുന്നു (73.19%) 2023-ലേത് . മെയ് 10 -നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ദിവസത്തിനു ശേഷം ഫലം പ്രഖ്യാപിച്ചപ്പോള്‍, ബി.ജെ.പിയെ തറപറ്റിച്ച് 135 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്അധികാരം പിടിച്ചു. 
ബി.ജെ.പിയും ജനതാദള്‍ (സെക്കുലര്‍) പാര്‍ട്ടികളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

വരുണ എംഎല്‍എ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റു. കനകപുര എം.എല്‍.എ ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി. 

4. അഞ്ചിലങ്കം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് വര്‍ഷാവസാനം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെട്ടത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ആധിപത്യത്തിനാണ് ഈ തെരഞ്ഞെടുപ്പുകള്‍ സാക്ഷ്യം വഹിച്ചത്. സംയുക്ത പ്രതിപക്ഷ കൂട്ടായ്മായ ഇന്ത്യ മുന്നണിയും മുഖ്യ കക്ഷിയായ കോണ്‍ഗ്രസും കെട്ടുറപ്പില്ലാതെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതും രാജ്യം കണ്ടു. 

മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരമുറപ്പിച്ചത്. മധ്യപ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടായി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപിക്കായി. മിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിനെയും കോണ്‍ഗ്രസിനെയും പിന്തള്ളി സോറം പീപ്പിള്‍സ് മൂവ്‌മെന്റ്  (ഇസെഡ് പി എം) അധികാരത്തിലെത്തി. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ആഘാതമേല്‍പ്പിച്ചാണ് പുതിയ രാഷ്ട്രീയ സഖ്യം മിസോറാം കൈയിലൊതുക്കിയത്. തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി കോണ്‍ഗ്രസ് മിന്നും ജയം നേടി. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ ആശ്വസിക്കാനുള്ള ഏകമാര്‍ഗമായിരുന്നു ഇത്. 

5. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹം തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1970 മുതല്‍ 2023 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണയായി 53 വര്‍ഷം കേരള നിയമസഭാംഗമായ ഉമ്മന്‍ ചാണ്ടിയുടെ പുത്രന്‍ ചാണ്ടി ഉമ്മനാണ് ഉപതരഞ്ഞെടുപ്പിലൂടെ സഭയില്‍ കാലുകുത്തിയത്. 80,144 വോട്ടുകള്‍ നേടിയാണ് ചാണ്ടി ഉമ്മന്‍ എതിരാളിയായ സി.പി.എമ്മിലെ ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. 

മുഖ്യമന്ത്രിസ്ഥാനത്ത് തുടരവേ 2015-ലാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് തൊണ്ടയില്‍ അര്‍ബുദം കണ്ടെത്തുന്നത്. പിന്നീട് ചികിത്സ രോഗവിമുക്തി നേടിയെങ്കിലും 2019-ല്‍ രോഗം വീണ്ടും വന്നു. അര്‍ബുദം അദ്ദേഹത്തിന്റെ ശബ്ദത്തെ സാരമായി ബാധിച്ചു. മെയ് അഞ്ചിന് ന്യുമോണിയ ബാധിച്ച് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടു. ജൂലൈ 18-ന് പുലര്‍ച്ചെ നാലരയോടെ അന്തരിച്ചു. തിരുവനന്തപുരം ജഗതിയിലുള്ള വീട്ടില്‍ നിന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തിച്ച് ജൂലൈ 20ന് രാത്രി 11 മണിയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടന്നു.

Follow Us:
Download App:
  • android
  • ios