ബംഗളൂരു: കർണാടക രാഷ്ട്രീയത്തെ കഴിഞ്ഞ ഒരു മാസത്തോളമായി മഥിച്ചുകൊണ്ടിരുന്ന പ്രശ്നമെന്തെന്ന് അജ്ഞാതനായ ഏതോ ഒരു ന്യൂമറോളജിസ്റ്റ് കണ്ടെത്തിക്കഴിഞ്ഞു. പിടിച്ച പിടിക്ക് പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുകയും അത് നടപ്പിലാക്കുകയും ഒക്കെ ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി മന്ത്രിസഭയുടെ ശകടം സുഗമമായി മുന്നോട്ടു പൊയ്‍ക്കോളുമത്രെ. എല്ലാറ്റിനും കാരണം ഒരു 'ഡി' ആണത്രേ. 'ഐ' ഇരിക്കേണ്ടിടത്ത് 'ഡി' വന്നിരുന്നതാണ് പ്രശനം. മറ്റെവിടെയുമല്ല, ഇന്നലെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദിയൂരപ്പയുടെ പേരിലാണ് സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ മൂലകാരണം ഒളിച്ചിരുന്നത്. ഡി. ഇംഗ്ലീഷ് അക്ഷരമാലയിലെ നാലാമത്തെ അക്ഷരം. അതിനെ മുഖ്യമന്ത്രിയുടെ പേരിൽ നിന്നും വെട്ടിമാറ്റി, പകരം അക്ഷരമാലയിലെ ഒമ്പതാം അക്ഷരമായ 'ഐ'  പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് വെച്ചടിവെച്ചടി കയറ്റമായിരിക്കും. ബിജെപിക്കും, പുതിയ കർണാടക സർക്കാരിനും. 

കഴിഞ്ഞ 3-  4 ദിവസമായി മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചുകൊണ്ട് ഗവർണർക്കും മറ്റും പൊയ്ക്കൊണ്ടിരിക്കുന്ന കത്തുകൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ലെറ്റർഹെഡിൽ കാണുന്ന ഈ അക്ഷരവിന്യാസഭേദം എന്തായാലും ഒരു 'ടൈപ്പോ എറർ' ആകാനുള്ള സാധ്യത വളരെ കുറവാണ്. ഇത് ഏതോ അറിയപ്പെടുന്ന ന്യൂമറോളജിസ്റ്റിന്റെ വിദഗ്ധ ഉപദേശം തന്നെയാണ് എന്നാണ് കർണാടകയിലെ രാഷ്ട്രീയവൃത്തങ്ങളിലെ പൊതുസംസാരം.

2007  വരെ അദ്ദേഹത്തിന്റെ പേരിന്‍റെ സ്പെല്ലിങ് 'Yediyurappa' എന്നായിരുന്നു. എന്നാൽ അക്കൊല്ലം  വെറും ഏഴുദിവസത്തെ ആയുസ്സുമാത്രമേ ഉണ്ടായുള്ളൂ. അത് തന്റെ ഭാഗ്യക്കേടാണോ എന്ന സംശയത്തിൽ ഒരു ന്യൂമറോളജിസ്റിനെ ചെന്നു കണ്ട മുഖ്യമന്ത്രിക്ക് തന്റെ പേരിൽ നിന്നും ഒരു 'ഐ' തട്ടിക്കിഴിച്ച് ഒരു 'ഡി' ചേർക്കാൻ വിദഗ്ധോപദേശം കിട്ടി. ഏറെക്കുറെ ഫലിച്ചു എന്ന് പറയാം. 2008-ൽ മുഖ്യമന്ത്രിപദം കൈവന്നത് 3 വർഷം കൊണ്ടുനടക്കാനായി. പക്ഷേ, കഴിഞ്ഞ കൊല്ലം പിന്നെയും ഭാഗ്യം തകിടം മറിഞ്ഞു. രണ്ടുദിവസം കൊണ്ട് അധികാരം കൈവിട്ടുപോയി. 

അതുകൊണ്ടാവണം, ഇത്തവണ റിസ്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. രാഷ്ട്രീയത്തിൽ മികച്ചൊരു ഭാവിക്കായി ഒരു ഡി പൊഴിച്ച് ഐ സ്വീകരിക്കണം എന്ന ഉപദേശമാണ് ഒക്കുറി അദ്ദേഹത്തിന് കിട്ടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിധാൻ സൗധയിലെ ഓഫീസ്മുറിയുടെ നെയിം ബോർഡും, ട്വിറ്റർ ഹാൻഡിലിന്റെ ഡിസ്പ്ളേ നെയിമും ഒക്കെ ഈ പഴയ-പുതിയ സ്പെല്ലിങ്ങിലേക്ക് മാറ്റിക്കഴിഞ്ഞു. ഫേസ്‌ബുക്കിൽ ഇനിയും ആ മാറ്റങ്ങൾ പ്രതിഫലിച്ചിട്ടില്ല. 

അദ്ദേഹത്തിന്റെ പേരിലെ ഈ മാറ്റങ്ങൾ ഓർത്തെടുത്തുകൊണ്ട് ഒരു മുതിർന്ന പത്രപ്രവർത്തകനായ ഡിപി സതീഷ് ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി. 

മുഖ്യമന്ത്രിയുടെ പേരിലെ ഈ സ്പെല്ലിങ് മാറ്റം, വർഷങ്ങളായി രാഷ്ട്രീയ അരക്ഷിതാവസ്ഥ നേരിടുന്ന കർണാടകത്തിലെ ജനങ്ങൾക്ക് വല്ല ആശ്വാസവും നൽകുമോ?ഡി പോയി ഐ വന്നതുകൊണ്ട് ഗവൺമെന്റിന് സ്ഥിരതയുണ്ടാകുമോ? കൂടുവിട്ട് കൂടുമാറുന്ന രാഷ്ട്രീയക്കാർ അതൊക്കെ അവസാനിപ്പിച്ച് ഒരിടത്ത് ഉറച്ചിരുന്ന് ജനങ്ങളെ സേവിക്കാൻ ശ്രമിക്കുമോ? അതോ കാറും പ്ലെയിനുമൊക്കെ പിടിച്ച് റിസോർട്ടുകളിൽ ചെന്നൊളിച്ചിരുന്ന് സർക്കാരുകളെ രായ്ക്കുരാമാനം അട്ടിമറിക്കുമോ ? 

കർണാടകത്തിൽ യഥാർത്ഥത്തിലുള്ള പ്രശ്നം മറ്റൊന്നാണ്. 'Democracy' എന്ന വാക്കിന്റെ സ്പെല്ലിങ് പോയിട്ട് അർത്ഥം പോലും നന്നായിട്ടറിയാത്ത, തെരഞ്ഞെടുക്കപ്പെടുന്നതിന്റെ അടുത്ത നിമിഷം മുതൽക്കുതന്നെ വോട്ടർമാരെ നോക്കി കൊഞ്ഞനം കുത്തുന്ന, രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്ക് മുതിരുന്ന രാഷ്ട്രീയനേതാക്കളാണ് ഈ സംസ്ഥാനത്തിന്റെ ശാപം. അവരെ, ഇപ്പോൾ മുഖ്യമന്ത്രിയുടെ പേരിൽ നിന്നും തട്ടിക്കൊഴിച്ച അക്ഷരത്തെപ്പോലെ, രാഷ്ട്രീയമണ്ഡലത്തിൽ നിന്നുതന്നെ എന്നെന്നേക്കുമായി തുടച്ചുനീക്കാതെ, കർണാടക രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വതപരിഹാരമുണ്ടാവില്ല. തീർച്ച..!