ബെംഗളൂരു: ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. നിയമോപദേശം മറികടന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ യെദിയൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില ജനപ്രതിനിധികള്‍ക്കെതിരെയുള്ള വധശ്രമമടക്കമുള്ള ഗുരുതര ക്രിമിനല്‍ കേസുകള്‍ അടക്കം പിന്‍വലിക്കും. 

സംഘ്പരിവാര്‍ നേതാക്കളടക്കമുള്ളവര്‍ക്കെതിരെയുള്ള 63 കേസുകളാണ് ഓഗസ്റ്റില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നേരത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ നേതാക്കള്‍ക്കെതിരെയുള്ള കേസ് നിയമപോദേശം മറികടന്നും പിന്‍വലിച്ചിരുന്നെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നതോടെ കോടതികളുടെ ജോലി ഭാരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. 

കലാപക്കേസുകളില്‍ ഉള്‍പ്പെട്ടവരുടേതക്കമുള്ള കേസുകളാണ് പിന്‍വലിക്കുന്നതെന്നും ബിജെപിയുടെ ഒളിയജണ്ടകളാണ് പുറത്തുവരുന്നതെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് ആരോപിച്ചു. വനം മന്ത്രി അനന്ത് സിംഗ്, കൃഷിമന്ത്രി ബിസി പാട്ടീല്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംപി രേണുകാചാര്യ, മൈസൂരു-കൊഡഗു എംപി പ്രതാപ് സിംഹ, ഹവേരി എംഎല്‍എ നെഹ്‌റു ഒലേക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. രേണുകാചാര്യക്കെതിരെ വധശ്രമത്തിനാണ് കേസുള്ളത്. 

അതേസമയം രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നതെന്നാണ് ബിജെപി വാദം. എംപി സുമലതക്കെതിരെയുള്ള കേസും പിന്‍വലിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും രാജ്യവിരുദ്ധ കേസുകളില്‍ ഉള്‍പ്പെട്ട എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും സാംസ്‌കാരിക മന്ത്രി സിടി രവി പ്രതികരിച്ചു.