ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്‍ കൈക്കൂലി ആവശ്യപ്പെടുന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം. ബെംഗളൂരു നഗരത്തില്‍ ബെംഗളൂരു വികസന അതോറിറ്റിയുടെ ഫ്‌ലാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജേയന്ദ്രയും മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്. വാട്‌സ് ആപ് ചാറ്റുകള്‍ കൈക്കൂലിക്ക് തെളിവാണെന്നും കരാറുകാരനില്‍ നിന്ന് കൈക്കൂലി പണമായും ബാങ്ക് അക്കൗണ്ട് വഴിയും ആവശ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയത്. സുപ്രീം കോടതി ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും അടങ്ങുന്ന കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സത്യസന്ധമായ അന്വേഷണം നടത്താന്‍ യെദിയൂരപ്പ സ്ഥാനം രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അധികമായി 17 കോടിയാണ് യെദിയൂരപ്പയുടെ മകന്‍ കരാറുകാരനോട് ആവശ്യപ്പെട്ടത്. മുമ്പ് നല്‍കിയ പണം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും പറയുന്നു. ശശിദര്‍ മരഡി എന്നയാളുടെ അക്കൗണ്ടിലേക്ക് 7.4 കോടി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ബാക്കി പണം മരുമകന്റെ ഹുബ്ലിയിലെ മദുര എസ്റ്റേറ്റിലേക്ക് നല്‍കാനും പറയുന്നു. വിവിധ എസ്റ്റേറ്റുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.

കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാലയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളി. മുഖ്യമന്ത്രിയുടെ മകനാണെന്ന പേരില്‍ ബിവൈ വിജയേന്ദ്രയെ കോണ്‍ഗ്രസ് ഉന്നംവെക്കുകയാണെന്നും ബിജെപിയെയും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മകനെയും കരിവാരിത്തേക്കുകയാണ് കോണ്‍ഗ്രസെന്ന് എംഎല്‍സി രവികുമാര്‍ പറഞ്ഞു.