അയോധ്യ കേസില്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യോഗി ആദിത്യനാഥ്. വിധി പുറത്തുവന്നാലും ആഘോഷങ്ങള്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി.

ലഖ്നൗ: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിര്‍ത്തോ ആരും സംസാരിക്കരുതെന്നും വിവാദമായേക്കാവുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും യോഗി നിര്‍ദ്ദേശം നല്‍കിയതായി യുപിയിലെ ഒരു മന്ത്രിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

 വിധി പുറത്തുവന്നാലും ആഘോഷങ്ങള്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. സെന്‍സിറ്റീവായ വിഷയമാണിത്. ഏതെങ്കിലും സമുദായത്തിന് അനുകൂലമായ വിധി ഉണ്ടായാലും അവര്‍ ആഘോഷങ്ങള്‍ നടത്തരുതെന്നും നഖ്‍വി കൂട്ടിച്ചേര്‍ത്തു. വിധി പ്രഖ്യാപിച്ചതിന് ശേഷം സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ നിര്‍ദ്ദേശം. അതേസമയം തർക്കഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള വിധിക്ക് മുന്നോടിയായി അർദ്ധസൈനിക വിഭാഗത്തെ അയോധ്യയിൽ നിയോഗിക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു.