സർക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയേയും യോഗി ആദിത്യനാഥ് കാണും. കേശവ് പ്രസാദ് മൗര്യ അടക്കമുള്ള യുപിയിലെ ബിജെപി നേതാക്കളും ഇന്ന് ദില്ലിയിലേത്തും.

ദില്ലി: ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യോഗി ആദിത്യനാഥ്(Yogi adityanath ) ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി (Narendra modi) ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. സർക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയേയും യോഗി ആദിത്യനാഥ് കാണും. കേശവ് പ്രസാദ് മൗര്യ അടക്കമുള്ള യുപിയിലെ ബിജെപി നേതാക്കളും ഇന്ന് ദില്ലിയിലേത്തും. സിരാതുവില്‍ തോറ്റ സാഹചര്യത്തില്‍ കേശവ് പ്രസാദ് മൗര്യക്ക് വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമോയെന്നതില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. കേശവ് പ്രസാദ് മൗര്യയെ ദേശീയ തലത്തിലേക്ക് നിയോഗിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.

അതേ സമയം, ഗോവയിൽ പുതിയ സർക്കാരിൻ്റെ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ഇതുവരെ സമവായമായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം ഉടൻ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കും. സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജാ തിയ്യതി തീരുമാനിക്കാനാണ് ധാരണ. മുൻ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ടെങ്കിലും പ്രമോദ് സാവന്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത. അതേ സമയം എംജിപിയുടെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിട്ടുണ്ട്.


മോദിയുടെ പിൻഗാമിയാകുമോ യോ​ഗി? 

സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്‍റെ യുപി ഇലക്ഷൻ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്.

അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.

രണ്ടാം കൊവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പൊലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാൻ യോഗിക്കായി.