വാക്സിൻ സ്വീകരണത്തിന് ശേഷവും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പു വരുത്തണം.  

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് കൊവിഡ് പ്രതിരോധ വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചു. തലസ്ഥാനത്തെ ശ്യാമപ്രസാദ് മുഖർജി സിവിൽ ഹോസ്പിറ്റലിലാണ് അദ്ദേഹം വാക്സീനെടുത്തത്. ഇന്ത്യയിൽ വാക്സീൻ വികസിപ്പിച്ചതിന് ശാസ്ത്രജ്ഞർക്കും പ്രധാനമന്ത്രി മോദിക്കും നന്ദി അറിയിക്കുന്നതായി ​യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശിൽ കൊവിഡ് രോ​ഗികളുടെ എണ്ണം ആശങ്കാജനകമായ വിധത്തിൽ വർദ്ധിച്ച സാഹചര്യമാണുള്ളത്. എല്ലാ പൗരൻമാരും വാക്സിൻ സ്വീകരിക്കണമെന്നും ജനങ്ങൾക്കായി ഒരു സുരക്ഷാ കവചം സൃഷ്ടിക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. വാക്സിൻ സ്വീകരണത്തിന് ശേഷവും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പു വരുത്തണം. 

ഉത്തർപ്രദേശിൽ ഇന്ന് 4136 പുതിയ കൊവിഡ് 19 കേസുകൾ കണ്ടെത്തി. രോ​ഗബാധ മൂലം 31 പേർ മരിച്ചു. സംസ്ഥാനത്ത് മൊത്തം 6,30,059 അണുബാധകളും 8,881 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം രോ​ഗബാധ റിപ്പോർട്ട് ചെയ്ത 5 സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. കൊവാക്സിനാണ് ആദിത്യനാഥ് സ്വീകരിച്ചത്. വാക്സിനെക്കുറിച്ചുള്ള എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് അദ്ദേഹം എത്തിയതെന്ന് പിടിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അരമണിക്കൂറിന് ശേഷമാണ് യോ​ഗി ആദിത്യനാഥ് ഹോസ്പിറ്റലിൽ നിന്നും പോയത്.