ഗോരഖ്പൂർ (അർബൻ) സീറ്റിൽ നിന്ന് മത്സരിക്കാൻ തന്നെ തിരഞ്ഞെടുത്തതിന് പാർട്ടി നേതാക്കളോട് യോഗി ആദിത്യനാഥ് നിരവധി ട്വീറ്റുകളിലൂടെ നന്ദി അറിയിച്ചു. 

ലക്നൗ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുമോയെന്നും ഏത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുകയെന്നുമുള്ള ചോദ്യത്തിന് വിരാമമായി. ​ ഗൊരഖ്പൂർ (അർബൻ) സീറ്റിൽ നിന്ന് വിജയിച്ചാൽ, ബിജെപി ഭൂരിപക്ഷം നേടിയാൽ, യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയാൽ എന്നീ മൂന്ന് ​ഘടകങ്ങളിൽ റെക്കോർഡുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചേക്കാം. 

ഗോരഖ്പൂർ (അർബൻ) സീറ്റിൽ നിന്ന് മത്സരിക്കാൻ തന്നെ തിരഞ്ഞെടുത്തതിന് പാർട്ടി നേതാക്കളോട് യോഗി ആദിത്യനാഥ് നിരവധി ട്വീറ്റുകളിലൂടെ നന്ദി അറിയിച്ചു. 'വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗൊരഖ്പൂരിൽ (അർബൻ) ബിജെപി സ്ഥാനാർത്ഥിയായി എന്നെ മത്സരിപ്പിച്ചതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, ബഹുമാനപ്പെട്ട ദേശീയ പ്രസിഡന്റ് ജെ പി നദ്ദ പാർലമെന്ററി ബോർഡ് എന്നിവരോട് ഞാൻ നന്ദിയുള്ളവനാ' ണെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ഗോരഖ്പൂർ (അർബൻ) സീറ്റിൽ നിന്ന് വിജയിക്കുകയും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുകയും തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്താൽ യോഗി ആദിത്യനാഥ് കുറഞ്ഞത് നാല് റെക്കോർഡുകളെങ്കിലും സൃഷ്ടിച്ചേക്കാം.

1. കാലാവധി പൂർത്തിയാക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രി
യോഗി ആദിത്യനാഥ് ഇതിനകം ഒരു റെക്കോർഡ് തന്റെ പേരിൽ നേടിയിട്ടുണ്ട്. 1952 മെയ് 20-ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ ആദ്യ അസംബ്ലി സ്ഥാപിതമായതിനുശേഷം ഏകദേശം 70 വർഷത്തിനുള്ളിൽ ഉത്തർപ്രദേശിൽ ഇതുവരെ 21 മുഖ്യമന്ത്രിമാരാണ് ഉണ്ടായത്. എന്നാൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയത് മൂന്ന് പേർ മാത്രമാണ്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മായാവതി ഒന്നാമതും (2007-2012) സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ് രണ്ടാമതും (2012-2017) ആയിരുന്നപ്പോൾ, മുഴുവൻ കാലാവധി പൂർത്തിയാക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്.

2. 15 വർഷത്തിനിടെ ആദ്യ എംഎൽഎ മുഖ്യമന്ത്രി
15 വർഷത്തിന് ശേഷമുള്ള ആദ്യ എംഎൽഎ മുഖ്യമന്ത്രിയാണ് യോ​ഗി ആദിത്യനാഥ്. അദ്ദേഹത്തിന് മുമ്പ്, 2007 നും 2012 നും ഇടയിൽ മുഖ്യമന്ത്രിയായിരുന്ന മായാവതി എംഎൽസിയായിരുന്നു. 403 അസംബ്ലി സീറ്റുകളിൽ 312 സീറ്റുകൾ നേടി ഉജ്ജ്വല വിജയത്തോടെ ബിജെപി അധികാരത്തിൽ വന്നതോടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണ ലോക്സഭാ എംപിയായിരുന്നു. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്നാ ദൾ, ഒപി രാജ്ഭറിന്റെ നേതൃത്വത്തിലുള്ള സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എന്നിവരുടെ രണ്ട് സഖ്യകക്ഷികൾക്കൊപ്പം എൻഡിഎ 325 സീറ്റുകൾ നേടി.

3. 37 വർഷത്തിനിടെ അധികാരം നിലനിർത്തുന്ന ആദ്യ മുഖ്യമന്ത്രി
1985ൽ അവിഭക്ത യുപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിലെ നാരായൺ ദത്ത് തിവാരിയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് വിജയിക്കുകയും തുടർച്ചയായി രണ്ടാം തവണയും ആ സ്ഥാനം നിലനിർത്തുകയും ചെയ്തപ്പോൾ തിവാരിയും വിജയിച്ചു. അതിനുശേഷം, തുടർച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിക്കസേര നിലനിർത്താൻ മറ്റൊരു മുഖ്യമന്ത്രിക്കും സാധിച്ചിട്ടില്ല. യോഗി ആദിത്യനാഥിന് റെക്കോർഡ് സൃഷ്ടിക്കാൻ അവസരമുണ്ട്.

എൻഡി തിവാരിക്ക് മുമ്പ് മറ്റ് മൂന്ന് മുഖ്യമന്ത്രിമാർ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. 1957-ൽ സമ്പൂർണാനന്ദ, 1962-ൽ ചന്ദ്രഭാനു ഗുപ്ത, 1974-ൽ സംസ്ഥാന മന്ത്രി റീത്ത ബഹുഗുണ ജോഷിയുടെ പിതാവ് ഹേമവതി നന്ദൻ ബഹുഗുണ എന്നിവരായിരുന്നു അവർ. യുപിയുടെ ചരിത്രത്തിൽ തുടർച്ചയായി വിജയിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാറിയേക്കും.

4. അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ ബിജെപി മുഖ്യമന്ത്രി
യുപി ഇതുവരെ നാല് മുഖ്യമന്ത്രിമാരെ കണ്ടു. യോഗി ആദിത്യനാഥിന് മുമ്പ്, കല്യാൺ സിംഗ്, രാം പ്രകാശ് ഗുപ്ത, നിലവിലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരായിരുന്നു മുഖ്യമന്ത്രി കസേരയിലിരുന്നത്. എന്നാൽ, ആദിത്യനാഥിന് മുമ്പുള്ള ബിജെപി മുഖ്യമന്ത്രിമാർക്കൊന്നും തുടർച്ചയായി രണ്ടാം തവണയും അധികാരം നിലനിർത്താനായില്ല. യോഗി ആദിത്യനാഥിന് പുതിയൊരു റെക്കോർഡ് സൃഷ്ടിക്കാനുള്ള അവസരമുണ്ട്.

5. നോയിഡ സന്ദർശിച്ച ആദ്യ മുഖ്യമന്ത്രി
അന്ധവിശ്വാസത്തെ അവ​ഗണിച്ച് തോൽപിച്ച മുഖ്യമന്ത്രി എന്ന ഖ്യാതി നേടാനും യോ​ഗി ആദിത്യനാഥിന് അവസരമുണ്ട്. ഉത്തർപ്രദേശിലെ സാറ്റലൈറ്റ് ന​ഗരമായ നോയിഡ സന്ദർശിക്കുന്ന മുഖ്യമന്ത്രിമാർ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയോ കാലാവധി പൂർത്തിയാക്കാൻ സാധിക്കാതെ വരികയോ ചെയ്യും. വർഷങ്ങളായി നിലനിൽക്കുന്ന വിശ്വാസമാണിത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗിയും അന്ധവിശ്വാസത്തിനെ അവഗണിച്ച് 2018 ഡിസംബർ 25-ന് ഡൽഹി മെട്രോയുടെ മജന്ത ലൈൻ ഉദ്ഘാടനം ചെയ്യാൻ നോയിഡ് സന്ദർശനം നടത്തിയിരുന്നു. 

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുപി നിയമസഭാ തിരഞ്ഞെടുപ്പിലും യഥാക്രമം മോദിയും ആദിത്യനാഥും തോൽക്കുമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി വിജയിച്ച് ഈ വിശ്വാസത്തെ തകർത്തപ്പോൾ, അത് തെറ്റാണെന്ന് തെളിയിക്കാനുള്ള അടുത്ത ഊഴമാണ് ആദിത്യനാഥിന്.

1988 ജൂണിൽ അന്നത്തെ യുപി മുഖ്യമന്ത്രി വീർ ബഹാദൂർ സിംഗ് നോയിഡയിൽ നിന്ന് മടങ്ങിയെത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം ഓഫീസ് രാജിവെക്കേണ്ടി വന്നതോടെയാണ് നോയിഡ സന്ദർശനം സംസാരവിഷയമായത്. സിങ്ങിന്റെ പിൻഗാമി എൻഡി തിവാരിക്കും നോയിഡ സന്ദർശിച്ച ശേഷം മുഖ്യമന്ത്രിക്കസേര നഷ്ടമായി. തുടർന്ന്, അദ്ദേഹത്തിന് ശേഷമുള്ള മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും നോയിഡയെ മറികടക്കാൻ തുടങ്ങി. മുലായം സിങ് യാദവ്, കല്യാണ് സിങ്, രാജ്നാഥ് സിങ് എന്നിവർ യുപി മുഖ്യമന്ത്രിയായിരിക്കെ നോയിഡ സന്ദർശിക്കുന്നത് ഒഴിവാക്കിയിരുന്നു.

2000 ഒക്‌ടോബർ മുതൽ 2002 മാർച്ച് വരെ യുപി മുഖ്യമന്ത്രിയായിരിക്കെ, രാജ്‌നാഥ് സിംഗ് ഡൽഹി-നോയിഡ-ഡൽഹി (ഡിഎൻഡി) ഫ്ലൈവേ നോയിഡയിൽ നിന്ന് ഉദ്ഘാടനം ചെയ്യുന്നതിനു പകരം ഡൽഹിയിൽ നിന്ന് ഉദ്ഘാടനം ചെയ്തു. അതുപോലെ 2013 മേയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മുഖ്യാതിഥിയായിരുന്ന നോയിഡയിൽ സംഘടിപ്പിച്ച ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഉച്ചകോടിയിൽ നിന്ന് അഖിലേഷ് വിട്ടുനിന്നു. 2011ൽ നോയിഡ സന്ദർശിച്ച്​ മെമോറിയൽ പാർക്ക്​ ഉദ്​ഘാടനം ​ചെയ്​ത മായാവതി അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.