ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്‍റെ അധ്യക്ഷനാക്കണമെന്ന് കേന്ദ്ര സർക്കാരിന് രാമജന്മഭൂമി ന്യാസ് നിവേദനം നൽകി. രാമജന്മഭൂമി ന്യാസ് തലവൻ നൃത്യ ഗോപാൽ ദാസാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം ക്ഷേത്രം പണിയാൻ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്‍റെ അധ്യക്ഷനായി യോഗി ആദിത്യനാഥ് തന്നെ വേണമെന്നാണ് ആവശ്യം. 

ട്രസ്റ്റിൽ ആരൊക്കെ അംഗങ്ങളാവണമെന്നത് സംബന്ധിച്ച പ്രാഥമിക രൂപരേഖയുണ്ടാക്കിയിട്ടുണ്ടെന്നും ഗോപാൽ ദാസ് അവകാശപ്പെട്ടു. ഗോരഖ്നാഥ് ക്ഷേത്രത്തിന്‍റെ മഹന്ത് എന്ന നിലയിലാണ് യോഗി ആദിത്യ നാഥിനെ ട്രസ്റ്റ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഗോപാൽ ദാസ് വിശദീകരിച്ചു. മുഖ്യമന്ത്രി പദവിയിലിരിക്കെ തന്നെ ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിന്‍റെ മുഖ്യ തന്ത്രിയെന്ന നിലയിലും ഗോരക്ഷ പീഠത്തിൻ്റെ നേതാവ് എന്ന നിലയിലും യോഗി ആദിത്യ നാഥ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഗോപാൽ ദാസ് പറയുന്നു. 

ക്ഷേത്ര ട്രസ്റ്റിൽ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.