ലക്നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതില്‍ മുഖ്യമന്ത്രി ആദിത്യനാഥിനുള്ള പങ്കിനെക്കുറിച്ച് ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് പ്രിയങ്കഗാന്ധി രംഗത്തെത്തിയിരുന്നു. 

''ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്'' - ട്വീറ്റില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്. യുപിയുടെ മുഖ്യമന്ത്രി തന്നെ പ്രതിഷേധകരെ തടവിലാക്കുകയും അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്നും ലവേലം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് പ്രിയങ്ക ആഞ്ഞടിച്ചിരുന്നു. 

പ്രിതഷേധകരോട് പ്രിതകാരം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് മറുപടിയായി ഈ രാജ്യത്തിന്‍റെ ആത്മാവില്‍ പ്രതികാരം, അക്രമം, ദേഷ്യം എന്നിവ ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. 

'' ഇത് ഭഗവാന്‍ കൃഷ്ണന്‍റെ മണ്ണാണ്. അദ്ദേഹം കാരുണ്യത്തിന്‍റെ പ്രതീകമാണ്. ഭഗവാന്‍ രാമന്‍ സഹാനുഭൂതിയുടെ പ്രതീകമാണ്... മഹാഭാരത യുദ്ധസമയത്ത് അര്‍ജുനന് ശ്രീകൃഷ്ണന്‍ നല്‍കിയ ഉപദേശം, സൈനികരോടുള്ള പ്രതികാരത്തെക്കുറിച്ചോ ദേഷ്യത്തെക്കുറിച്ചോ പറയരുതെന്നാണ്. സത്യം, കനിവ് എന്നീ വികാരങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്.'' - പ്രിയങ്ക പറഞ്ഞു.