"കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്തത്. എന്നാല്‍, മോദിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു." 

ദില്ലി: ഇന്ത്യന്‍ സൈന്യത്തെ 'മോദിയുടെ സേന' എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി വിവാദത്തില്‍. പരാമര്‍ശം സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് വിവാദപരാമര്‍ശം നടത്തിയത്. ഭീകരവാദത്തിനും ഭീകരവാദികള്‍ക്കും നേരെ കോണ്‍ഗ്രസിനുള്ളത് മൃദുസമീപനമാണെന്ന കുറ്റപ്പെടുത്തലോടെയായിരുന്നു തുടക്കം. "കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്തത്. അവര്‍ മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേര്‍ത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, മോദിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു". യോഗി പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. യോഗിയുടെ പരാമര്‍ശം നമ്മുടെ സായുധ സേനയ്ക്ക് അപമാനമാണെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു. അവര്‍ രാജ്യത്തിന്റെ സേനയാണ്. അല്ലാതെ പ്രചാരമന്ത്രിയുടെ ( പബ്ലിസിറ്റി മിനിസ്റ്റര്‍/മോദി) സ്വകാര്യസേനയല്ല. യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്ന് വിളിച്ച യോഗിയുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മായാവതി അഭിപ്രായപ്പെട്ടു. പരാമര്‍ശം സൈന്യത്തെ അപമാനിക്കുന്നതും തരംതാഴ്ത്തുന്നതുമാണെന്നും അവര്‍ പറഞ്ഞു.