കഴിഞ്ഞ 76 വര്‍ഷമായി താന്‍ ഭക്ഷണവും വെള്ളവുമില്ലാതെയാണ് ജീവിച്ചതെന്നും 2003, 2010 വര്‍ഷങ്ങള്‍ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതാണെന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. 

ഗാന്ധിനഗര്‍: 76 വര്‍ഷം ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ജീവിച്ചെന്ന് അവകാശപ്പെട്ട യോഗി മരിച്ചു. പ്രഹ്ലാദ് ജനി എന്ന ചുര്‍ണിവാല മാതാജിയാണ് 90ാം വയസ്സില്‍ മരിച്ചത്. ഗുജറാത്ത് ഗാന്ധി നഗര്‍ ജില്ലയിലെ സ്വഗ്രാമമായ ചാരദയില്‍ വെച്ചായിരുന്നു മരണം. ഗുജറാത്തില്‍ ഏറെ അനുയായികളുള്ള യോഗിയാണ് ചുര്‍ണിവാല മാതാജി. കഴിഞ്ഞ 76 വര്‍ഷമായി താന്‍ ഭക്ഷണവും വെള്ളവുമില്ലാതെയാണ് ജീവിച്ചതെന്നും 2003, 2010 വര്‍ഷങ്ങള്‍ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതാണെന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.

ദേവതയാണ് തന്റെ ജീവന്‍ നിലനിര്‍ത്തിയതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ബനസ്‌കന്ദ ജില്ലയിലെ അംബാജി ക്ഷേത്രത്തിലെത്തിച്ചു. സ്വന്തം ഗ്രാമത്തിലേക്ക് എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്. ചുവന്ന സാരിയുടുത്ത് സ്ത്രീ വേഷം ധരിച്ചായിരുന്നു ചുര്‍ണിവാല മാതാജി ഭക്തര്‍ക്ക് മുന്നില്‍ എത്തിയിരുന്നത്. അംബാജി ക്ഷേത്രത്തിന് സമീപത്തെ ചെറിയ ഗുഹയിലായിരുന്നു ഇദ്ദേഹത്തിന്റെ ധ്യാനവും താമസവും. 

2010ല്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലയ്ഡ് സയന്‍സിലെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ചുര്‍ണിവാല എങ്ങനെയാണ് ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ 15 ദിവസം നിരീക്ഷിച്ചിരുന്നു. വളരെ കഠിനമായ രീതിയിലൂടെയാണ് അദ്ദേഹ ഭക്ഷണം കഴിക്കാതെയും വെള്ളം നിയന്ത്രിച്ചും ജീവിക്കുന്നതെന്ന് വിദഗ്ധ സംഘം വിലയിരുത്തി.