കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്കൂള്‍ അധ്യാപകനും ഗര്‍ഭിണിയായ ഭാര്യയും ആറ് വയസ്സുള്ള മകനും മരിച്ച സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് സംവിധായിക അപര്‍ണ സെന്‍. കൂട്ടക്കൊലപാതകം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുന്ന സാഹചര്യത്തില്‍ അപര്‍ണ സെന്നിന്‍റെ ട്വീറ്റ് ശ്രദ്ധേയമാവുകയാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിനിര്‍ത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെടുന്നതാണ് ട്വീറ്റ്. 

''നമ്മുടെ സ്വന്തം പശ്ചിമബംഗാളിലാണ് ആര്‍എസ്എസുകാരനും ഭാര്യയും മകനും കശാപ്പുചെയ്യപ്പെട്ടിരിക്കുന്നത്. എന്തുകാരണമായാലും ഇത്തരത്തിലുള്ള ക്രൂരത നമുക്ക് നാണക്കേടാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ! കുറ്റവാളികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തൂ.  രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അധീതമായി പശ്ചിമ ബംഗാളിലെ ഓരോ പൗരനും അങ്ങയുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്'' - അപര്‍ണ സെന്‍ കുറിച്ചു. 

പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ബൊന്ധു ഗോപാൽ പാൽ(35), ഇദ്ദേഹത്തിന്റെ ഭാര്യ ബ്യൂട്ടി, എട്ട് വയസുകാരനായ മകൻ എന്നിവരെയാണ് ജിയാഗഞ്ചിലെ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബൊന്ധുവിനെ വീടിന് പുറത്ത് വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ എട്ട് വയസുകാരനായ മകനെ വീടിനകത്ത് മുറിയിലും ഭാര്യ ബ്യൂട്ടിയെ കിടപ്പറയിലെ കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ബൊന്ധു ഗോപാൽ പാലും എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ ബ്യൂട്ടിയും ആറ് വയസുകാരനായ മകനും കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം കൊണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.