ജറുസലേം: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും ആശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഒരുപാടുണ്ടെന്നാണ് നെതന്യാഹു ട്വീറ്റ് ചെയ്തത്. 

''എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. അഭിമാനിക്കാന്‍ നിങ്ങള്‍ക്ക് ഒരുപാടുണ്ട്'' - നെതന്യാഹു ട്വീറ്റ് ചെയ്തു. മോദിയും നെതന്യാഹുവും ചേര്‍ന്നുള്ള ചിത്രത്തിനൊപ്പമാണ് ട്വീറ്റ് പങ്കുവച്ചത്. 

അതേസമയം ഇന്ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ ആഘോഷ ചടങ്ങ് നടക്കുന്നത്. രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു.

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറില്‍ താഴെ പേര്‍ മാത്രമേ പ്രധാന വേദിയിലുള്ളു. സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

സ്വയം പര്യാപ്ത ഇന്ത്യക്കായി പ്രതിജ്ഞ ചെയ്യാമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും ട്വിറ്ററില്‍ കുറിച്ചു . തദ്ദേശഉത്പ്പന്നങ്ങളുപയോഗിച്ച് ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാം. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരരെ രാജ്യം എന്നും ഓര്‍മ്മിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ട്വിറ്ററില്‍ കുറിച്ചു.