Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ആത്മഹത്യ ചെയ്ത ഡോക്ടർക്ക് നേരെ ഭീഷണി? സമഗ്ര അന്വേഷണത്തിന് നിർദേശം

കൊല്ലം എഴുകോൺ സ്വദേശിയായ ഏഴ് വയസ്സുകാരി ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. ഇത് ചികിത്സാപ്പിഴവാണെന്നാണ് ആരോപണം ഉയർന്നത്. 

young doctor committed suicide at kollam enquiry ordered by city police commissioner
Author
Kollam, First Published Oct 2, 2020, 1:21 PM IST

കൊല്ലം: കൊല്ലത്ത് യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കമ്മീഷണറുടെ നിർദേശം. ഡോക്ടർ ശസ്ത്രക്രിയ നടത്തിയ കുട്ടി മരിച്ചത് ചികിത്സാപ്പിഴവാണ് എന്ന സമൂഹ മാധ്യമങ്ങളിലെ ആരോപണത്തിൽ മനം നൊന്താണ് ഡോക്ടർ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. ഇതിനെതിരെ നിയമ നടപടി വേണമെന്നും അവർ നിലപാടെടുക്കുന്നു. ഇതിനിടെ കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചികിത്സാപ്പിഴവ് തന്നെയാണ് മരണകാരണമെന്നും കുട്ടിയുടെ ബന്ധുക്കളും ആവർത്തിച്ചു.

കൊല്ലം എഴുകോൺ സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ കാലിലെ വളവ് മാറ്റാൻ ആണ് ഡോ. അനൂപ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. ഡോ.അനൂപിന്‍റെ ഓർത്തോ ക്ലിനിക്കിൽ ഹൃദയ ചികിത്സയ്ക്ക് ഉള്ള സൗകര്യം ഇല്ലാത്തതിനാൽ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. തുടർന്ന് ഡോ. അനൂപിനെതിരെ
സമൂഹ മാധ്യമങ്ങളിൽ  എതിരെ വ്യാപക വിമർശനം ഉയർന്നു. 

ക്ലിനിക്കിന് മുന്നിൽ പ്രതിഷേധ പരിപാടികൾ നടന്നു. ഇതോടെ ഡോ. അനൂപ് മാനസികമായി തകർന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതേത്തുടർന്നാണ് ഡോക്ടർ ജീവനൊടുക്കിയതെന്നും ബന്ധുക്കളും ഡോക്ടർമാരുടെ സംഘടനകളും പറയുന്നു. ''കൊവിഡ് സാഹചര്യത്തിൽപ്പോലും റിസ്ക് എടുത്ത് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്താൻ തയ്യാറായ ഡോ. അനൂപ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കണം'', എന്ന് ഐഎംഎ പ്രതിനിധി ഡോ. സുൾഫി പറയുന്നു. 

സൈബർ ആക്രമണങ്ങൾക്ക് എതിരെ അന്വേഷണം വേണമെന്നും ഐഎംഎ നിലപാട് എടുക്കുന്നു. ഇതേത്തുടർന്നാണ് ഡോക്ടറുടെ മരണം അന്വേഷിക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിളികൊല്ലൂർ പൊലീസിന് നിർദേശം നൽകിയത്. ഭീഷണി ഉണ്ടായോ എന്നതടക്കം വിശദമായി അന്വേഷിക്കും. അതേസമയം കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും അനസ്‌തേഷ്യ നൽകിയതിൽ വന്ന പിഴവാണ് മരണ കാരണമെന്നാണ് കുട്ടിയുടെ വീട്ടുകാരുടെ നിലപാട്. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു എന്ന പ്രചാരണം ശരിയല്ലെന്നും കുട്ടിയുടെ പിതൃസഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. 

ഡോക്ടറുടെ മരണത്തിലുള്ള ആദര സൂചകമായും ഡോക്ടർമാർക്ക് എതിരെ ഉള്ള സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും  കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് സംസ്ഥാനവ്യാപകമായി ഡോക്ടർമാർ ജോലിക്ക് എത്തിയത്.

Follow Us:
Download App:
  • android
  • ios