മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിക്കടത്തുകാരനിൽ നിന്ന് വാട്സ്ആപ് വഴിയാണ് കൊക്കൈൻ ഓർഡർ ചെയ്തത്. പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു.

ഹൈദരാബാദ്: ഓൺലൈനായി ഓർഡർ ചെയ്തു വരുത്തിയ കൊക്കൈൻ സ്വീകരിക്കുന്നതിനിടെ ഹൈരദാബാദിലെ യുവ ഡോക്ടർ പിടിയിൽ. അഞ്ച് ലക്ഷം രൂപയുടെ കൊക്കൈനാണ് ഡോ. നമ്രത ഛിഗുരുപതി വാങ്ങിയത്. കൊക്കൈൻ വിതരണം ചെയ്യാനെത്തിയ വ്യക്തിയും പിടിയിലായിട്ടുണ്ട്.

ആറ് മാസം മുമ്പ് ഒമേഗാ ആശുപത്രിയിയുടെ സിഇഒ സ്ഥാനമൊഴി‌ഞ്ഞ ഡോ. നമ്രത, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഹരി കടത്തുകാരൻ വൻഷ് ധാക്കറിൽ നിന്നാണ് കൊക്കൈൻ വാങ്ങിയത്. ഇത് എത്തിച്ചതാവട്ടെ ധാക്കറുടെ സംഘാംഗമായ ബാലകൃഷണയും. 34കാരിയായ ഡോക്ടർ നമ്രത വാട്സ്ആപ് വഴിയാണ് ലഹരിക്കടത്തുകാരനെ ബന്ധപ്പെട്ടതെന്നും തുടർന്ന് അഞ്ച് ലക്ഷം രൂപയുടെ കൊക്കൈൻ ഓർഡർ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്തുകൊടുക്കുകയും ചെയ്തു.

ലഹരിക്കടത്തുകാരനെ ഡോക്ടർക്ക് നേരത്തെ പരിചയമുണ്ടെന്ന അനുമാനത്തിലാണ് പൊലീസ്. കൊക്കൈൻ വിതരണം ചെയ്യാനെത്തിയ ബാലകൃഷ്ണയെയും ഡോക്ടറെയും കൈയോടെ പൊലീസ് സംഘം പിടികൂടി. പരിശോധനയിൽ പണമായി 10,000 രൂപയും 53 ഗ്രാം കൊക്കൈനും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇതുവരെ ലഹരി ഇടപാടുകൾക്കായി മാത്രം 70 ലക്ഷത്തിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് ഡോക്ടർ മൊഴി നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറ‌ഞ്ഞു. വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം